മലയാള സിനിമ ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ മാര്‍ക്കറ്റിങ്ങോടെ പുറത്തിറക്കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഒടിയന്‍’.   പാലക്കാട് പ്രദേശങ്ങളിലെ കഥകള്‍ പറയപ്പെടുന്ന, ഒടി വിദ്യ വശമുള്ള ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്.  വലിയ ഹൈപ്പോടെ എത്തിയ ചിത്രം എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിനങ്ങളില്‍ കൊണ്ട് വന്നത്.  ഇതില്‍ ഏറിയ പങ്കും ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനെ വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു.  ഇത്രയധികം മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടത് കൊണ്ട് സിനിമയ്ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായി എന്നും അതിനൊപ്പം പിടിച്ചു നില്‍ക്കാന്‍ സിനിമയ്ക്ക് സാധിക്കാതെ പോയി എന്നുമായിരുന്നു ആദ്യ വിലയിരുത്തലുകള്‍.

ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തില്‍ ‘ഒടിയന്‍’ നായിക  മഞ്ജു വാര്യര്‍ നേരിട്ട ഒരു ചോദ്യം സിനിമകളുടെ മാർക്കറ്റിങ്ങിനെക്കുറിച്ചായിരുന്നു. ‘ഇന്നത്തെ സിനിമയ്ക്ക് മാര്‍ക്കറ്റിങ്ങിന്റെ ആവശ്യമുണ്ടോ?’, എന്നായിരുന്നു ചോദ്യം.

“സിനിമയ്ക്ക് മാര്‍ക്കറ്റിങ് ആവശ്യമാണ്. പക്ഷെ അതുമാത്രം കൊണ്ട് എല്ലാ സിനിമകളും വിജയിച്ചു കൊള്ളണം എന്നില്ല. ഉള്ളടക്കവും സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകമാണ്. നല്ല ഉള്ളടക്കമുള്ള എല്ലാ സിനിമകളും മാര്‍ക്കറ്റിങ് ഇല്ലാത്തതുകൊണ്ട് പരാജയപ്പെടുന്നില്ല. അതുപോലെ തന്നെ മാര്‍ക്കറ്റിങ് കൊണ്ട് മാത്രം എല്ലാ സിനിമകളും രക്ഷപ്പെടുന്നുമില്ല. ഇതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറിയും മറിഞ്ഞുമിരിക്കും. പല ഘടകങ്ങളും ഒത്തു വരണം. ‘ഒടിയനെ’ സംബന്ധിച്ച് എനിക്ക് ധൈര്യമായി പറയാം എല്ലാം ഘടകങ്ങളും ഒത്തുവന്നിട്ടുള്ള സിനിമയാണെന്ന്,” റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു തന്റെ അഭിപ്രായം വ്യക്തമാക്കി.

 ഇത്രയും വലിയൊരു സിനിമയില്‍ ഇത്രയും പ്രാധാന്യമുള്ളൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞെന്ന അഭിമാനത്തിലാണ് താനെന്നും, തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘ഒടിയ’നിലെ പ്രഭ എന്നും മഞ്ജു വെളിപ്പെടുത്തി. വളരെ മിതത്വമുള്ള ഒരു കഥാപാത്രമാണ് ഇതെന്നും ഓരോ സ്ത്രീകൾക്കും പല തലങ്ങളിൽ പ്രഭ എന്ന കഥാപാത്രവുമായി അടുപ്പം തോന്നുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.   ഒരു സിനിമയുടെ പ്രചാരണത്തില്‍ ഭാഗമാകുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്റേയും കടമയാണെന്നും മഞ്ജു വ്യക്തമാക്കി.

“ഇന്ത്യയ്ക്കകത്തോ പുറത്തോ ഈ സിനിമയെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാകും എന്ന് കരുതുന്നില്ല. എന്നാലും ചില സ്ഥലങ്ങളിൽ, ഈ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്, എന്താണ് ഈ സിനിമകൊണ്ട് പറയാൻ ഉദ്ദേശിക്കുന്നത് എന്നെത്തിക്കുന്നതിന് ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളുടെ ഭാഗമാകുക എന്നതൊക്കെ ഏതൊരു ആർട്ടിസ്റ്റിന്റേയും കടമയും കൂടിയാണ്,” മഞ്ജു പറഞ്ഞു.

Read More: ‘ഒടിയന്‍ ഒരു പാവം ചിത്രമാണ്, മാജിക് ഒന്നുമല്ല’; സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

 

ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ഒടിയന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആദ്യ ദിനം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളും നടന്നിരുന്നു.

എന്നാല്‍ ഈ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുള്ള ചിലരുടെ ശത്രുതയാണ് ചിത്രത്തിനു നേരെയുള്ള ആക്രമണത്തിന് വഴിയൊരുക്കിയിരിക്കുന്നത് എന്നും ഇതില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു.

Read More: ‘ഒടിയനെ’തിരായ ആക്രമണം; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ