മലയാള സിനിമയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായ ‘ഒടിയന്’ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും. ആ പ്രതീക്ഷയ്ക്ക് പിന്നില്‍ വലിയ വിജയങ്ങള്‍ ഒന്നും തന്നെ കാണാതെ പോയ ഒരു വര്‍ഷത്തിന്റെ സങ്കടവും നിരാശയുമുണ്ട്, ഒപ്പം അതെല്ലാം ആദ്യ രണ്ടു ദിനങ്ങള്‍ കൊണ്ട് തന്നെ മാറ്റിമറിയ്ക്കാന്‍ ‘ഒടിയന്’ സാധിച്ചേക്കും എന്നൊരു പ്രതീക്ഷയുമുണ്ട്. പ്രളയത്തിനൊപ്പം വന്ന ഓണക്കാലം മലയാള സിനിമാ വിപണിയ്ക്ക് ഉണ്ടാക്കിയ ആഘാതം മറികടക്കാന്‍ ഒരു ‘മാസ്’ മോഹന്‍ലാല്‍ ചിത്രത്തിന് സാധിക്കും എന്നൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണത്. ഒരു നടനെ, ഒരു താരത്തെ, ഇത്രയേറെ പ്രത്യാശയോടെ മലയാള സിനിമ ഉറ്റു നോക്കിയ സന്ദര്‍ഭങ്ങള്‍ വിരളമായിരിക്കും.

എന്നാല്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് മാത്രമല്ല, മോഹന്‍ലാല്‍ എന്ന താരത്തെ സംബന്ധിച്ചും വര്‍ഷാന്ത്യത്തില്‍ വരുന്ന ‘ഒടിയന്’ അത്രയും തന്നെ പ്രധാനപ്പെട്ടതാണ്. അതിനു കാരണവുമുണ്ട്. 2018 തുടങ്ങി നാല് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചുവെങ്കിലും, ഈ വര്‍ഷത്തെ സിനിമകളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ ‘ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രം’ ഇല്ലായിരുന്നു എന്നത് കൊണ്ടാണ്. ഈ വര്‍ഷമാദ്യം പുറത്തു വന്ന ‘ആദി’ (അതിഥി വേഷം), ‘നീരാളി’, ‘കായംകുളം കൊച്ചുണ്ണി’ (അല്പം നീണ്ട അതിഥി വേഷം), ‘ഡ്രാമ’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ റിലീസുകള്‍. ഈ ചിത്രങ്ങളെല്ലാം തന്നെ സമകാലിക മോഹന്‍ലാല്‍ ചിത്രങ്ങളുടെ പൊതു സ്വഭാവം വച്ച് നോക്കുമ്പോള്‍ ചെറിയ ചിത്രങ്ങളായിരുന്നു. ഇതോടൊപ്പം തന്നെ സൂര്യ നായകനാകുന്ന ഒരു തമിഴ് ചിത്രത്തിലും നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ലും അദ്ദേഹം ഈ വര്‍ഷം അഭിനയിച്ചു.
Read More: ബോക്സോഫീസ് കാത്തിരിക്കുന്ന ‘ഒടിയന്’ മാജിക്ക്
‘ആദി’ ഒരു വിജയ ചിത്രമാണ്, പക്ഷേ അതൊരു ‘പ്രണവ് മോഹന്‍ലാല്‍ ചിത്ര’മായിരുന്നു. മകന് നായകനായി എത്തിയ ആദ്യ ചിത്രത്തില്‍ ഒരൊറ്റ സീനില്‍ വന്ന് മിന്നിമറയുകയായിരുന്നു അദ്ദേഹം. പിന്നീട് വന്നത് ബോളിവുഡ് സംവിധായകന് അജോയ് വര്‍മ്മ സംവിധാനം ചെയ്ത ‘നീരാളി’യായിരുന്നു. സാധാരണ മോഹന്‍ലാല്‍ ചിത്രത്തിനുള്ള ഓളം സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല, ‘നീരാളി’ വന്നതും പോയതുമൊന്നും മലയാളി അറിഞ്ഞില്ല. ഒരു ശരാശരി മോഹന്‍ലാല്‍ ഫാനിനെ സംബന്ധിച്ച് ‘നീരാളി’ എന്തായിരുന്നു എന്നറിയാന്‍ പോലും സാധിക്കാത്തവണ്ണമുള്ള ഒരു നിശബ്ദതയാണ് ‘നീരാളി’യുടെ പ്രതികരണമായി വന്നത്. എങ്കിലും വളരെ ചെറിയ ഒരു സമയത്തിനും ബജറ്റിനുമുള്ളില് എടുത്ത ഒരു ചെറു ചിത്രമായത് കൊണ്ടാവാം, ‘നീരാളി’ നഷ്ടമൊന്നും ഉണ്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെത്തുടര്‍ന്ന് എത്തിയതാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഇത്തിക്കരപക്കി എന്ന ‘എക്സ്ടെന്ടഡ് കാമിയോ’ ആയിരുന്നു മോഹന്‍ലാലിന്. മോഹന്‍ലാല്‍ കൈയ്യടി നേടുകയും ചിത്രം വിജയിക്കുകയും ചെയ്തുവെങ്കിലും ഈ വര്‍ഷത്തെ മോഹന്‍ലാല്‍ സിനിമകളുടെ കണക്കില്‍ നിവിന്‍ പോളി ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യെ കൂട്ടാനാവുമോ എന്ന് സംശയമാണ്. പിന്നീട് വന്നത് രഞ്ജിത്-മോഹന്‍ലാല്‍ എന്ന സൂപ്പര്‍ ഹിറ്റ് കോമ്പോ ആയിരുന്നു. ‘ഡ്രാമ’ എന്ന ചിത്രം. എന്നാല്‍ അതും സമ്മിശ്ര പ്രതികരണങ്ങളോടെ കടന്നു പോയി. തന്റേതു മാത്രമായ ക്രെഡിറ്റിലുള്ള ഒരു ചിത്രം മോഹന്‍ലാലിന് ഈ വര്‍ഷം വേണമെങ്കില്‍ അത് ‘ഒടിയന്’ കൊണ്ട് വരണം.
ഈ ചിത്രങ്ങളിലെല്ലാം അഭിനയിക്കുമ്പോഴും ‘ഒടിയന്’ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ‘ഒടിയ’ന്റെ മുന്നൊരുക്കങ്ങള്‍ക്ക് തടസം വരാത്ത വിധത്തിലുള്ള (ഒടിയന് വേണ്ടി പ്രായം കുറച്ചുള്ള ലുക്ക് സൂക്ഷിക്കാന്‍) ചിത്രങ്ങള്‍ ആയതു കൊണ്ടാവാം മേല്പറഞ്ഞ ചിത്രങ്ങള്‍ക്ക് ഒരുപക്ഷേ അദ്ദേഹം കൈകൊടുത്തതും. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ ഈ വര്‍ഷത്തെ റിലീസുകള്‍ തുലോം കുറവാണ് എന്ന് കാണാന്‍ കഴിയും. ‘ഒടിയ’ന്റെ നീണ്ട ഷെഡ്യൂളുകള്‍, ഭാരം കുറച്ചത് ഉള്‍പ്പടെയുള്ള രൂപമാറ്റങ്ങള്‍ ഇവയെല്ലാം മോഹന്‍ലാല്‍ എന്ന നടന്റെ ഈ വര്‍ഷത്തെ സിനിമാ ചോയ്സുകളെ ബാധിച്ചിട്ടുണ്ട് എന്ന് വേണം അനുമാനിക്കാന്‍. ഒരു നടന് എന്ന നിലയില്‍ മോഹന്‍ലാല്‍ ഇത്രയധികം ‘ഇന്‍വെസ്റ്റ്മെന്റ്’ നടത്തിയ ഒരു ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ, ‘ഒടിയന്റെ’ സ്വീകാര്യത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്.
Read More: രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു നില്ക്കുന്നവര്
മോഹന്‍ലാല്‍ എന്ന ‘പബ്ലിക് പേര്‍സണാലിറ്റി’യുടെ ‘ലിറ്റ്മസ് ടെസ്റ്റ്’ കൂടിയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ‘ഒടിയന്’. അദ്ദേഹത്തിന്റെ ജനപ്രിയത ഇത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു കാലയളവില്ല. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി സ്ഥാനമേറ്റത് തുടങ്ങി വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു സംഘടനയിലെ അദ്ദേഹത്തിന്റെ ദിനങ്ങള്‍. സംഘടന എടുക്കുന്ന തീരുമാനങ്ങളുടെ മുഖമായിത്തീര്‍ന്ന മോഹന്‍ലാല്‍ പലപ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ‘ബ്രിക്ക്ബാറ്റ്സ്’ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. സംഘടനാ നിലപാടുകളെ ‘ഡിഫന്‍ഡ്’ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് പല വട്ടം ‘ബാലന്‍സ്’ തെറ്റി, അതിന്റെ ‘ഡാമേജ് കണ്ട്രോള്’ വേറെ നടത്തേണ്ടി വരുന്ന അവസ്ഥയിലായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിനോടുള്ള ‘പബ്ലിക്കി’ന്റെ ‘പെര്സെപ്പ്ഷന്’ മാറിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളം… ഇതിനുമൊക്കെ ഉത്തരമാകാന്‍ സാധിക്കുന്നതാണ് ‘ഒടിയ’ന്റെ ബോക്സോഫീസിലെ വിധി.
‘ഒടിയ’ന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്ത പ്രീറിലീസ് കണക്കുകള്‍ പറയുന്നത് ചിത്രം ഇപ്പോള്‍ തന്നെ വലിയ വിജയം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. അവിശ്വസനീയമാം വണ്ണമുള്ള ആ കണക്കുകള്‍ പറയുന്ന കഥ എന്തുമാകട്ടെ. ഇന്ന് എന്നൊരു ദിനമുണ്ട്, തിയേറ്ററില്‍ ‘ഒടിയന്’ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ വിലയിരുത്തലും വിധിയെഴുത്തും.