/indian-express-malayalam/media/media_files/uploads/2018/12/Odiyan-Making-Video-Mohanlal.jpg)
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ എത്തിയ ചിത്രം ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണനങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ പതിയെ അത് മാറുകയും കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ ഇപ്പോള്‍ ചിത്രം കാണാന്‍ എത്തുകയും ചെയ്യുന്നുണ്ട് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം 'ഒടിയന്‍' മേക്കിങ് വീഡിയോയും അവര്‍ റിലീസ് ചെയ്തിട്ടുണ്ട്.
പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന പരാതിയുമായാണ് മോഹന്‍ലാലിന്‍റെ 'ഒടിയന്‍' എത്തിയത്. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പ്, മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ച, ബ്രഹ്മാണ്ഡം തുടങ്ങിയ വലിയ ഹൈപ്പുകള്‍ സിനിമയ്ക്ക് തിരിച്ചടിയായ സാഹചര്യമാണ് ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ കണ്ടത്. അവകാശവാദങ്ങള്‍ക്ക് ഒത്തുയരാന്‍ സാധിക്കാതെ വന്നതാണ് ചിത്രത്തിന്റെ പ്രശ്നം എന്നും ഒരു സാധാരണ സിനിമയായി കണ്ടാല്‍ ആസ്വദിക്കാവുന്ന ഒന്നാണ് എന്നും അഭിപ്രായങ്ങള്‍ വന്നു. 'ഒടിയ'നെതിരെ വന്ന വിമര്‍ശനങ്ങളില്‍ പലതിലും കാമ്പില്ല എന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് അതുണ്ടായത് എന്നും അണിയറപ്രവര്‍ത്തകര്‍ വാദിച്ചു. ഇതിനെല്ലാം ഇടയില്‍ ഡിസംബര്‍ 14നു റിലീസ് ചെയ്ത 'ഒടിയന്‍' ഇപ്പോഴും ബോക്സോഫീസ് വാഴുന്നു എന്ന് റിപ്പോര്‍ട്ടുകളും വന്നു.
പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ 'മോസ്റ്റ് ഹൈപ്പ്ഡ്' കഥാപാത്രങ്ങളിലൊന്നാണ് 'ഒടിയ'നിലെ മാണിക്യൻ. സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയിൽ കുറച്ച് മോഹൻലാൽ നടത്തിയ മുന്നൊരുക്കങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒടിയൻ' മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: 'ഒടിയന്‍' റിവ്യൂ
ഒടിയൻ മാണിക്യന്റെ പ്രിയപ്പെട്ടവൾ പ്രഭയായി എത്തുന്നത് ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എസി.ലളിത, നരെയ്ൻ, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായർ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
റിലീസിന് മൂന്നു ദിവസം മുന്‍പ് തന്നെ 'ഒടിയന്‍' നൂറു കോടി രൂപയുടെ പ്രീറിലീസ് ബിസിനസ് നേടിയതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. പ്രീബുക്കിംഗ് സെയില്‍ ചേര്‍ന്ന കണക്കാണ് നൂറു കോടി കടന്ന തുക എന്ന് ശ്രീകുമാര്‍ മേനോന്‍ ട്വിറ്റെറില്‍ വെളിപ്പെടുത്തി. തെന്നിന്ത്യന്‍ സിനിമയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഒടിയന്‍' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us