സെല്‍ഫിയെടുക്കാം ഒടിയനൊപ്പം; ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് മോഹന്‍ലാലും സംഘവും

മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

ഇന്ത്യന്‍ സിനിമ തന്നെ ഇതുവരെ കാണാത്ത പ്രൊമോഷന്‍ തന്ത്രവുമായി ഒടിയന്‍ ടീം. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു കൊണ്ടാണ് ഒടിയന്‍ ടീം പ്രെമോഷന്‍ രംഗത്ത് പുതു പാത തുറന്നിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലൊന്ന് ഇതാദ്യമായാണെന്നാണ് മോഹന്‍ലാലും ഒടിയന്‍ ടീമും അവകാശപ്പെടുന്നത്. കൊച്ചി ലുലുമാളിലുള്ള പിവിആറില്‍ മോഹന്‍ലാലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്‌ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമ ‘ഒടിയ’നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Odiyan life size statue mohanlal movie promotion

Next Story
ഉത്തര്‍പ്രദേശില്‍ 850 കര്‍ഷകരുടെ ബാങ്ക് ലോണ്‍ താന്‍ വീട്ടുമെന്ന് അമിതാഭ് ബച്ചന്‍Amitabh Bachchan
The moderation of comments is automated and not cleared manually by malayalam.indianexpress.com