ലോക പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആദ്യമായി മലയാളത്തിലേക്കെത്തിയത് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. പുലിമുരുകനു ശേഷം മോഹന്‍ലാലിന്റെ തന്നെ ഒടിയനിലൂടെ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് പീറ്റര്‍ ഹെയ്ന്‍ ഒടിയനെ കുറിച്ച് സംസാരിക്കുകയുണ്ടായി.
തന്റെ കരിയറിലെ ഇതുവരെ ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും മികച്ചത് എന്നാണ് അദ്ദേഹം ഒടിയനെക്കുറിച്ച് പറഞ്ഞത്. ‘ഞാന്‍ വളരെയധികം കഷ്ടപ്പെട്ട് അധ്വാനിക്കുന്ന ആളാണ്. നിരവധി സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടിയന്‍ റിലീസ് ചെയ്യുമ്പോള്‍ എങ്ങിനെയായിരിക്കും എന്നെനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഉറപ്പു തരാം, ഇതുവരെ ഞാന്‍ ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇത്,’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.
പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ ഒരുക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മനോജ് ജോഷി എന്നിവരും ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.