ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘ഒടിയൻ’ 2018 ഡിസംബർ 14നായിരുന്നു റിലീസിനെത്തിയത്. പാലക്കാടൻ പശ്ചാത്തലത്തിൽ ഒടിവിദ്യ വശമുള്ള മാണിക്യന്റെ കഥ പറഞ്ഞ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയൻ’.
ചിത്രത്തിന്റെ പ്രെമോഷനു വേണ്ടി നിർമിച്ച ഒടിയന്റെ പ്രതിമകൾ തന്റെ പാലക്കാടുള്ള ഓഫീസിനു മുൻപിൽ നിന്നും ഒരാൾ മോഷ്ടിച്ചു കൊണ്ടു പോയതായി സംവിധായകൻ വി ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒപ്പം പ്രതിമകൾ മോഷ്ടിച്ചുകൊണ്ടുപോയ ആളിന്റെ ശബ്ദസന്ദേശവും സോഷ്യൽ മീഡിയയിൽ ശ്രീകുമാർ പങ്കുവച്ചു. ഇപ്പോഴിതാ, എടുത്തുകൊണ്ടുപോയ ഒടിയൻ തിരികെയെത്തിയ വിശേഷം അറിയിക്കുകയാണ് ശ്രീകുമാർ മേനോൻ.
“ഇതിനിടയിൽ ഒരു കാര്യം സംഭവിച്ചു. പോയ ഒടിയൻ പാലക്കാട്ടെ ഓഫീസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു.വീഡിയോയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. ദൃശ്യത്തിൽ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല. നന്ദി, പ്രിയ ആരാധകന്… മടക്കി തന്ന സ്നേഹത്തിന്,” ശ്രീകുമാർ മേനോൻ കുറിച്ചു.