മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒടിയന്‍’. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഇപ്പോളിതാ ലണ്ടനില്‍ നിന്നുമുള്ളൊരു ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ പറയുന്നു ‘ലണ്ടനിലും ഒടിയന്‍ പിന്തുടരുന്നു’ എന്ന്.

ഇന്നലെ പുറത്തിറക്കിയ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറില്‍ മോഹന്‍ലാലിന്റെ ശബ്ദവും രംഗങ്ങളുമാണുള്ളത്. ഓ.. ഒടിയന്‍ എന്ന ബിജിഎമ്മിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്കിലെ അതേ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ടീസറിലുമെത്തുന്നത്. ഒടിയന്‍ മാണിക്ക്യന്റെ ഒടിവേലകള്‍ കാണണമല്ലേ എന്നു പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോയിലെത്തുന്നത്. പഴയ വീടിന്റെ മുറ്റത്തു നിന്നും പുറത്തേക്ക് നടക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വന്‍ ബജന്റിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് മേന്മകള്‍ ടീസറിലും കാണാം. മോഹന്‍ലാല്‍ പല ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദീഖ്, മനോജ് ജോഷി, നരെയ്ന്‍, കൈലാഷ് തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം ജയചന്ദ്രനാണ്.

ചിത്രത്തിന്റെ റിലീസ് തിയ്യതിയും ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒക്ടോബര്‍ 11 നായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് ഒടിയന്റേയും സംഘട്ടനം സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ