തൃശൂര്‍: നടി മഞ്ജു വാരിയറുടെ പരാതിയില്‍ ‘ഒടിയന്’ സിനിമയുടെ സംവിധായകന് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂര്‍നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ ക്രൈം ബ്രാഞ്ച് എസിപി ഡി.ശ്രീനിവാസാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ശ്രീകുമാറിനെ വിട്ടയച്ചതായും എസിപി ഡി.ശ്രീനിവാസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
നടി മഞ്ജു വാരിയർ നൽകിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനമുള്ളതാണെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടതായി അന്വേഷണസംഘം പറഞ്ഞു. സംവിധായകൻ ശ്രീകുമാർ അപമര്യാദയായി മഞ്ജുവിനോട് പെരുമാറിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അതിനാൽ രണ്ടാൾ ജാമ്യത്തിൽ വിട്ടയച്ചു. ഉടനെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സമൂഹ മാധ്യമങ്ങളിലൂടെ മഞ്ജുവിനെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണം അടിസ്ഥാനമുള്ളതാണെന്ന് ചോദ്യം ചെയ്യലിൽ മനസിലായി എന്നും എസിപി ഡി.ശ്രീനിവാസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: വാഹന മേഖല പ്രതിസന്ധിയിലാണെങ്കില്‍ എന്തുകൊണ്ട് ട്രാഫിക് ജാം ഉണ്ടാകുന്നു? : ബിജെപി എംപി
തൃശൂർ പൊലീസ് ക്ലബിലാണ് ശ്രീകുമാറിനെ ചോദ്യം ചെയ്തത്. വെെകീട്ടോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ തുടർന്നു. അതിനുശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
‘ഒടിയന്’ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ സംവിധായകന് ശ്രീകുമാര്‍ തന്നോട് ദേഷ്യപ്പെട്ടതായി മഞ്ജു നേരത്തെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ‘ഒടിയന്’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
‘ഒടിയൻ’ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ശ്രീകുമാര്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണു മഞ്ജു വാരിയർ പരാതിയിൽ പറഞ്ഞത്. ഇതേത്തതുടർന്നാണ് സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
Read Also: പന്തിനെ ഒറ്റപ്പെടുത്തില്ലെന്ന് കോഹ്ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?
തൃശൂർ ഈസ്റ്റ് പൊലീസാണ് മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീയോട് അപമര്യാദയായി പെരുമാറൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്. കേസിൽ മഞ്ജു വാരിയറുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.