മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘ഒടിയൻ’ നൂറാം ദിവസത്തിലേക്ക് കടക്കുന്നു. 2018 ഡിസംബർ 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രമാണ് ‘ഒടിയന്‍’. പാലക്കാടൻ പശ്ചാത്തലത്തിൽ ഒടിവിദ്യ വശമുള്ള മാണിക്യന്റെ കഥ പറഞ്ഞ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു.

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയൻ’. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ച് കൂടുതൽ ചെറുപ്പമായി മാറിയ വാർത്തയെ കൗതുകത്തോടെയാണ് പ്രേക്ഷകർ കേട്ടത്.അതുകൊണ്ടുതന്നെ ‘ഒടിയനാ’യി മോഹൻലാൽ പരകായപ്രവേശം നടത്തുന്ന കാണാനുള്ള ആകാംക്ഷയും ചിത്രത്തെ ഏറെ പ്രതീക്ഷയുള്ളതാക്കിയിരുന്നു. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാൽ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിച്ചത്. എന്നാൽ ആദ്യദിവസം തന്നെ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. റിലീസ് ദിവസം തൊട്ട് ഒട്ടേറെ ട്രോളുകളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു ‘ഒടിയന്‍’. ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്നും അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയൻ എന്നും സമ്മിശ്രമായ പ്രതികണങ്ങളാണ് ചിത്രത്തിന് കേൾക്കേണ്ടി വന്നത്.

‘ഒടിയൻ’ എന്ന ചിത്രത്തിനെതിരെ ആസൂത്രിതമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുകയാണ് ഒരു കൂട്ടം ആളുകൾ എന്നും ചൂണ്ടികാട്ടി ശ്രീകുമാർ മോനോനും രംഗത്തുവന്നതോടെ ‘ഒടിയൻ’ വീണ്ടും വാർത്തകളിൽ നിറച്ചു. ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പേജിലെ സൈബർ​ ആക്രമണവും വാർത്തയായി. ചിത്രത്തിലെ ഡയലോഗുകൾ വരെ സമൂഹമാധ്യമങ്ങളിൽ ട്രോളായി മാറുകയായിരുന്നു. എന്നാൽ ഈ വിമർശനങ്ങളെയും ആദ്യദിവസങ്ങളിലെ സൈബർ ആക്രമണങ്ങളെയും അതിജീവിച്ച് ഒടിയൻ ബോക്സ് ഓഫീസിൽ പിടിച്ചു കയറുന്ന കാഴ്ചയാണ് പ്രേക്ഷകർ പിന്നെ കണ്ടത്. ആ അതിജീവന യാത്രയാണ് ഇപ്പോൾ തിയേറ്ററുകളിൽ നൂറുദിവസം പിന്നിട്ടിരിക്കുന്നത്.

Read more: ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്ന് പറയാമോ?: ‘ഒടിയനെ’ക്കുറിച്ച് മോഹന്‍ലാല്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ