Odiyan Full Movie Movie Leaked in Tamilrockers: സിനിമ വ്യവസായത്തിന് ആകെ ഭീഷണിയായി മാറുകയാണ് പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സ്. മോഹന്‍ലാല്‍ ചിത്രം ‘ഒടിയനും’ തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി എന്നതാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തിന് ആദ്യം പുറത്തുവന്ന നെഗറ്റീവ് റിവ്യൂകള്‍ക്ക് ശേഷം, കണ്ടിരിക്കാവുന്ന നല്ല ചിത്രമാണ് ഒടിയന്‍ എന്ന അഭിപ്രായങ്ങള്‍ പുറത്തു വരുന്നതിനിടെയാണിത്. എന്നാല്‍ ഇതൊന്നും ഒടിയന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല. ചിത്രം മൂന്നു ദിവസം പിന്നിടുമ്പോഴും ഹൗസ് ഫുള്‍ തന്നെ.

Read More: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

‘ഒടിയന്‍’ മാത്രമല്ല, ഹോളിവുഡ് ചിത്രം അക്വാമാനും തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലുണ്ട്. ഇന്ത്യയില്‍ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് അക്വാമാന്‍ റിലീസ് ചെയ്തിരിക്കുന്നത്.

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. പുതുതായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ഹൈ ഡെഫനിഷന്‍ പതിപ്പുകളാണ്, റിലീസ് ദിവസമോ തൊട്ടടുത്ത ദിവസമോ തന്നെ ഇവര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത്.

രജനീകാന്ത്-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 2.0 വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 12,000 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതില്‍ 2000ത്തില്‍ അധികം സൈറ്റുകള്‍ കൈകാര്യം ചെയ്തിരുന്നത് തമിഴ് റോക്കേഴ്‌സ് ആയിരുന്നു.

Read More: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

വ്യാജ സോഫ്റ്റ്‌വെയറുകള്‍, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്‌സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്‌സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്‌സില്‍ നിന്നും സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി.

സിനിമകള്‍ മാത്രമല്ല തമിഴ് റോക്കേഴ്‌സിന്റെ ആക്രമണത്തിന് വിധേയമാകുന്നത്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാണിയുടെ നെറ്റ്ഫ്ലിക്‌സില്‍ ഇറക്കിയ സേക്രഡ് ഗെയിംസ്, നെറ്റ്ഫ്ലിക്‌സിലെ തന്നെ ദി ഹോണ്ടിങ് ഓഫ് ഹില്‍ ഹൗസ് എന്നിവയും തമിഴ് റോക്കേഴ്‌സില്‍ എത്തി.

ഏതു വിധേന പൂട്ടിക്കെട്ടാന്‍ ശ്രമിച്ചാലും പുതിയ ഡൊമെയ്ന്‍ പേരില്‍ തമിഴ് റോക്കേഴ്‌സ് വീണ്ടും എത്തുന്നുണ്ട്. //tamilrockers.hn ല്‍നിന്നും //tamilrockers.by ആയാണ് ഒരു തവണ മടങ്ങിയെത്തിയത്. ഇത്തരം വ്യാജസൈറ്റുകള്‍ പൂട്ടുന്നതില്‍ അധികൃതര്‍ എപ്പോഴും പരാജയപ്പെടുകയാണ്. അതിനാല്‍തന്നെ തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ്, ഹോളിവുഡ് സിനിമകളെയാണ് വ്യാജ വൈബ്‌സൈറ്റുകള്‍ നോട്ടമിട്ടിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ