മഞ്ജു വാര്യര്‍ എന്ന നടിയുടെ അച്ഛന്‍ മാധവന്‍ വാര്യര്‍ എന്ന മനുഷ്യനെക്കുറിച്ച്  രണ്ടു തരത്തിലുള്ള അറിവുകളാണെനിക്ക്‌. ആദ്യത്തേത്  മഞ്ജു വാര്യരുടെ അച്ഛന്‍ എന്ന നിലയില്‍ തന്നെ. തിരുവനന്തപുരത്ത് സൂര്യാ നൃത്ത സംഗീതോത്സവത്തില്‍ മഞ്ജു ചേച്ചി നൃത്തം അവതരിപ്പിക്കുമ്പോള്‍ സദസ്സിന്റെ മുന്‍ നിരയില്‍ വന്നിരിക്കും, അദ്ദേഹവും പത്നിയും. മകള്‍ ചുവട് വയ്ക്കുമ്പോള്‍, കൈയ്യടി മുറുകുമ്പോള്‍ എല്ലാം (സൂര്യ സ്റ്റേജ് പ്രോഗ്രാം അവതാരകരില്‍ ഒരാളായ) ഞാന്‍ നോക്കുക ഇവരുടെ മുഖത്തേക്കാണ്. സ്വതവേ പ്രസരിപ്പുള്ള ആ രണ്ടു മുഖങ്ങള്‍ ഒന്ന് കൂടി പ്രസരിതമാകും അപ്പോള്‍. ഏതാണ്ട് ഇതേ പ്രായത്തില്‍, കാന്‍സര്‍ രോഗത്തോട്‌ മല്ലിടുന്ന ഒരച്ഛന്‍ എനിക്കുമുണ്ട് എന്നത് കൊണ്ടുള്ള അറിവാണ് രണ്ടാമത്തേത്.

അറിവ് എന്ന് പറയുന്നതിനെക്കാളും ‘Emotional Connect’ എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.

സൂര്യാ നൃത്ത സംഗീതോത്സവത്തിന്റെ ഒന്‍പതാം ദിവസമാണ് മഞ്ജു ചേച്ചിയുടെ കുച്ചിപ്പുടി നൃത്തം.  അങ്ങനെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എല്ലാ ഒക്ടോബര്‍ ഒന്‍പതാം തീയതിയും മുടുങ്ങാതെ കാണുമായിരുന്നു ആ അച്ഛനേയും അമ്മയേയും.  കാന്‍സര്‍ ബാധിച്ചിട്ടുള്ളവരാണ് ഇരുവരും എങ്കിലും അതിന്റെ ഒരു ലാഞ്ചന പോലും അവരുടെ പെരുമാറ്റത്തില്‍ കാണില്ല. മിതഭാഷിയാണ് അച്ഛന്‍.  അമ്മ നേരെ മറിച്ചും.

രണ്ടു വർഷം മുൻപ് അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച വീഡിയോയില്‍ മഞ്ജു ചേച്ചി പറയുന്നുണ്ട്, അമ്മ കടലാണെങ്കില്‍ അച്ഛന്‍ വലിയൊരു കരയാണ് എന്ന്. എപ്പോഴും സന്തോഷവതിയായ ആ അമ്മ കൂടെയുള്ളത് കൊണ്ടാവും അദ്ദേഹം ശക്തനായി അസുഖത്തെ ഇത്രയും കാലം നേരിട്ടത്. ഞണ്ടിന്റെ പിടിയില്‍ നിന്നും പൊരുതി ജയിച്ച വന്ന ഒരാളാണല്ലോ അമ്മയും. ആ തെളിച്ചവും സ്ഥൈര്യവും എന്നുമുണ്ടായിരുന്നു അവരിൽ. ഏറ്റവുമൊടുവില്‍ 2017ല്‍ കാണുമ്പോഴും മഞ്ജു ചേച്ചിയുടെ അച്ഛന്‍ ആരോഗ്യവാനായാണ് കാണപ്പെട്ടത്. എന്തായാലും അടുത്ത ഒക്ടോബര്‍ ഒന്‍പതാം തീയതി വീണ്ടും കാണുമല്ലോ എന്ന്  മനസ്സില്‍ ഉറപ്പിച്ചിരുന്നത് കൊണ്ടാവണം അദ്ദേഹം പോയി എന്ന് കേട്ടപ്പോള്‍ വല്ലാത്ത വിങ്ങല്‍ അനുഭവപ്പെട്ടു.  നമ്മള്‍ എത്ര കണ്ട് മനസാ സജ്ജരാണെങ്കില്‍ കൂടി ഒടുവിലത്തെ വിടവാങ്ങലുകള്‍ നമ്മെ വേദനിപ്പിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി അത്.

വായിക്കാം: അച്ഛനെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്

ക്ഷണിക്കാതെ വന്ന്, പോകാന്‍ വിസമ്മതിക്കുന്ന അതിഥിയെപ്പോലെ കാന്‍സര്‍ എന്റെ വീടിനെ ചുറ്റിപറ്റി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.  അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛൻ, അമ്മാവൻ എന്നിങ്ങനെ മൂപ്പ് ക്രമത്തിൽ തന്നെയാണ് എന്റെ കുടുംബാംഗങ്ങൾക്ക് ക്യാൻസർ ബാധിച്ചത്.

അധികം യാത്ര ചെയ്യാതെ, വീട്ടിനകത്ത് നിന്നു കൊണ്ട് തന്നെ ജീവിതമെന്ത് എന്ന് അനായാസം പഠിക്കാന്‍ പറ്റി അത് കൊണ്ട്.  തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്റര്‍ വരെ ഒന്ന് പോയി വന്നാല്‍ നമ്മള്‍ ഇത് വരെ പഠിച്ച ജീവിതമൊന്നും ഒന്നുമല്ല എന്നും തോന്നും.

അച്ഛനും അമ്മയും ഞാനും മാത്രമടങ്ങുന്ന ഞങ്ങളുടെ ചെറിയ ലോകം.  ഗൾഫിൽ നിന്നും പതിവു പോലെ അത്തവണ നാട്ടിലെത്തുമ്പോൾ അച്ഛൻ അറിഞ്ഞിരുന്നില്ല വിദേശത്തേക്ക് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്ന്. Non-Hodgkins Lymphoma എന്ന അസുഖം ബാധിചിരുന്നു അച്ഛന്.  സ്വന്തം അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിരുന്നു എന്നത് കൊണ്ട് തന്നെ ആ പദവും അതിനോട് അനുബന്ധിച്ച പ്രയാസങ്ങളും അച്ഛന് അന്യമല്ല.

അസുഖം ബാധിച്ചു എന്നറിഞ്ഞ നിമിഷം ഇന്നും തെളിവോടെ മനസ്സിലുണ്ട്. അസുഖത്തെക്കുറിച്ച് ഉള്ളിൽ ഭീതിയുണ്ടായിരുന്നെങ്കിലും, ഞാനും അമ്മയും വിഷമിക്കരുത് എന്ന് മനസ്സിലാക്കി അത് ഉള്ളിലേക്ക് ഒതുക്കിയ അച്ഛന്‍ പിന്നീട് വളരെ സമചിത്തതയോടെ കാന്‍സറിനെ നേരിടുന്നതാണ് ഞാന്‍ കണ്ടത്. എട്ടു മാസങ്ങൾ നീണ്ടു നിന്ന ചികിത്സ. ഈ കാലയളവിലെ അച്ഛന്റെ കരുത്ത് അമ്മയായിരുന്നു.

കാന്‍സര്‍ ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, ഒരു കുടുംബത്തെ മുഴുവനാണ്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശക്തിയും സ്നേഹവുമായി അമ്മയുണ്ടായിരുന്നത് കൊണ്ട് അച്ഛന്‍ പിടിച്ചു നിന്നു, ഞാനും.  പിന്നീട് അഞ്ചു വർഷത്തെ സൗഖ്യത്തിനൊടുവിൽ ‘relapse’ ആയപ്പോഴും അച്ഛൻ ധൈര്യത്തോടെ തന്നെയാണ് പോരാടിയത്. പക്ഷെ രണ്ടാമത് കാന്‍സര്‍ വന്നപ്പോൾ Non-hodgkins lymphomaക്കൊപ്പം Rectum cancerറും ബാധിച്ചു.  ഇപ്പോൾ ഒന്നര വർഷമാകുന്നു.  റീജണല്‍ കാന്‍സര്‍ സെന്ററില്‍ (RCC)  ഓരോ തവണ പോകുമ്പോഴും അച്ഛൻ പറയും മറ്റുള്ളവരെ അപേക്ഷിച്ചു എത്ര ഭേദപ്പെട്ട അവസ്ഥയാണ്  തനിക്ക്  എന്ന്.  എങ്കിലും വേദനയും ക്ഷീണവും അച്ഛനെ തളർത്തിയ നിമിഷങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്.

ഒരിക്കലെങ്കിലും RCCയിൽ പോയിട്ടുള്ളവർക്ക് അറിയാവുന്ന ഒരു വസ്തുതയുണ്ട് . അവിടെ അഹങ്കാരമോ മത്സരമോ ഇല്ല, അവിടെ വരുന്നവര്‍ക്ക് സ്വാർത്ഥത ഇല്ല, മതമില്ല, ജാതിയില്ല. പണക്കാരനെന്നോ പാമരനെന്നോ വകഭേദങ്ങളില്ല. എന്തിന്, രാഷ്ട്രീയം പോലുമില്ല.  പക്ഷെ സ്നേഹമുണ്ട്, കരുണയുണ്ട്, എന്തും സഹിച്ചു പോരാടാന്‍ തയ്യാറായ മനസ്സുകളുമുണ്ട്.

മഞ്ജു ചേച്ചിയുടെ അച്ഛനേയും അമ്മയേയും പരിചയപ്പെടുമ്പോൾ ഞാൻ കണ്ടത് കരുത്തുറ്റ രണ്ടു പോരാളികളെ തന്നെയാണ് . കുട്ടികള്‍ക്ക്  കരുത്തായി നിൽക്കുന്ന  അച്ഛനും അമ്മയും. ജീവിതത്തില്‍ പല തീരുമാനങ്ങള്‍ സ്വയം എടുത്തപ്പോഴും ഒന്നും പറയാതെ കൂടെ നിന്ന അച്ഛനെക്കുറിച്ച് മഞ്ജു ചേച്ചി പറഞ്ഞത് വാക്കുകൾക്കും അതീതമായി അവർ പകർന്നു കൊടുത്ത ഉൾബലത്തെക്കുറിച്ചാണ്.

ആ ബലത്തിലൊരു ഭാഗമാണ് ഇന്നലെ കാന്‍സര്‍ കൊണ്ട് പോയത്.  കീഴ്മേല്‍ മറിഞ്ഞു കാണും ആ കുടുംബത്തിന്റെ ലോകം.  നേരത്തെ സൂചിപ്പിച്ച പോലെ, വിയോഗങ്ങള്‍ക്കായി തയ്യാറെടുക്കാം, മനസ്സിനെ പഠിപ്പിക്കാം, കാലത്തിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങാം.  പക്ഷെ സങ്കടപ്പെടാതിരിക്കുന്നതെങ്ങനെ.

ഒന്നോ രണ്ടോ തവണ കണ്ടു സംസാരിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഇത്തരം ഒരു കുറിപ്പെഴുതാനും മാത്രം ബന്ധമോ സൗഹൃദമോ ഒന്നും എനിക്ക് മഞ്ജു ചേച്ചിയുമായില്ല.  പക്ഷെ എന്റെ ഉള്ളില്‍ അവരോട് തോന്നുന്ന ജൈവമായ ഒരു അനുതാപമുണ്ട്. ഇന്നലെ രാത്രി എന്റെ ഓര്‍മ്മയില്‍ നിറഞ്ഞ ഒരച്ഛന്റെ ചിരിച്ച മുഖമുണ്ട്, ഞാന്‍ ഇരുന്നു എഴുതുന്ന മുറിയിലും ഉണ്ട് സദാ ചിരിക്കുന്ന ഒരച്ഛന്‍.

തിരുവനന്തപുരം വിമന്‍സ് കോളേജ് സംഗീത വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറും
സൂര്യാ നൃത്ത സംഗീതോത്സവത്തിന്റെഅവതാരകരില്‍ ഒരാളുമാണ് ലേഖിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ