മലയാള സിനിമയുടെ ‘ക്യാപ്റ്റൻ’ യാത്ര പറയുമ്പോൾ, അഭിനയ പ്രതിഭയുടെയും വ്യക്തിത്വത്തിന്റെയും അച്ചടക്കത്തിന്റെയും സൗഹൃദ ബന്ധങ്ങളുടെയും ആകെത്തുക എന്നു വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തിത്വം കൂടിയാണ് മറയുന്നത്. പരുക്കൻ വില്ലൻ റോളുകളിലൂടെ സിനിമാ രംഗത്തെത്തി, പിന്നീട് സ്വഭാവ വേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ക്യാപ്റ്റൻ രാജു പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ആണ് ജനിച്ചത്.
Read More: നടന് ക്യാപ്റ്റന് രാജു അന്തരിച്ചു
21-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന രാജു, പട്ടാളത്തിൽ നിന്നും വിരമിച്ചതിനുശേഷമാണ് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 1981ൽ ‘രക്തം’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. പിന്നീട് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.
ആറടി പൊക്കവും അതിനൊത്ത ഗാംഭീര്യവുമുള്ള ആ ക്യാപ്റ്റനെ തുടക്കക്കാലത്ത് കാത്തിരുന്നത് എല്ലാം വില്ലൻ വേഷങ്ങളായിരുന്നു. ശക്തമായ ആ വില്ലൻ വേഷങ്ങൾ പ്രേക്ഷകരുടെ മനസ്സിലും തനിക്ക് വില്ലൻ പരിവേഷം നൽകുന്നുണ്ടോ എന്ന സംശയം ക്യാപ്റ്റനെ വേദനപ്പെടുത്തിയപ്പോൾ ആണ് നെഗറ്റീവ് വേഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാം എന്ന് തീരുമാനിക്കുന്നത്. ആ തീരുമാനത്തിന്റെ തുടർച്ചയായിരുന്നു ‘നാടോടിക്കാറ്റി’ലെ പവനായി എന്ന കഥാപാത്രം. സിനിമയിറങ്ങി 30 വർഷങ്ങൾക്കു ശേഷവും മലയാളികൾ ചിരിയോടെ മാത്രം ഓർക്കുന്ന ആ കഥാപാത്രത്തിന് ക്യാപ്റ്റൻ രാജുവിന്റെ അഭിനയ ജീവിതത്തിലും നല്ലൊരു റോളുണ്ട്.
1997 ൽ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെ സിനിമാസംവിധാനത്തിലും തന്റെ മികവ് തെളിയിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞു. തനിക്കേറെ പേരു നേടി തന്നെ പവനായി എന്ന കഥാപാത്രത്തിനെ കുറിച്ച്, ‘മിസ്റ്റർ പവനായി 99.99’ എന്നൊരു സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ, ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, തക്ഷശില, കാബൂളിവാല, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്, ഉദയപുരം സുല്ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി, ചൈന ടൗൺ, അർജുനൻ സാക്ഷി, വല്യേട്ടൻ, സിഐഡി മൂസ, പട്ടാളം, വാണ്ടഡ്, സത്യം, കല്യാണസൗഗന്ധികം, ട്വന്റി -20, നസ്രാണി, ഗോൾ, ദി സ്പീഡ് ട്രാക്ക്, ആന ചന്തം, തുറുപ്പു ഗുലാൻ, കിലുക്കം കിക്കിലുക്കം, വർഗം, കൊട്ടാരം വൈദ്യൻ, വാർ & ലവ്, താണ്ഡവം, ഷാർജ ടു ഷാർജ, രതിലയം, ആഗസ്റ്റ് ഒന്ന്, മുംബൈ പൊലീസ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ക്യാപ്റ്റൻ രാജുവെന്ന അഭിനയ പ്രതിഭയുടെ അടയാളപ്പെടുത്തലായിരുന്നു. നിരവധി മലയാളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. 2017 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അദ്ദേഹം അഭിനയിച്ച ചിത്രം.
‘നാടോടിക്കാറ്റി’ലെ പവനായി, ‘കാബൂളിവാല’യിലെ സാഹിബ്, ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ അരിങ്ങോടർ, ‘പുതുക്കോട്ടയിലെ പുതുമണവാളനി’ലെ മാടശ്ശേരി തമ്പി എന്നു തുടങ്ങി മറ്റൊരു പകരക്കാരനെ കൂടെ സങ്കൽപ്പിക്കാൻ മലയാളിയ്ക്ക് സാധിക്കാത്ത വിധം തന്റെ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടാണ് ക്യാപ്റ്റൻ രാജു കടന്നു പോവുന്നത്.