ബോളിവുഡ് താരദമ്പതികളായ കാജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകളാണ് നൈസ ദേവ്ഗൺ. നൈസയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. റെഡ് ലെഹങ്കയിലുള്ള ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് നൈസ പ്രത്യക്ഷപ്പെടുന്നത്. അമ്മയുടെ ചിരി അതുപോലെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
നൈസയും ഉടനെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടയിലാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്.
കാജോൾ- അജയ് ദേവ്ഗൺ ദമ്പതികളുടെ മൂത്തമകളാണ് നൈസ. ആര്യ ഖാൻ, സുഹാന ഖാൻ, അനന്യ പാണ്ഡെ എന്നിവർക്കൊപ്പം പലപ്പോഴും പാർട്ടികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നൈസയുടെ ചിത്രങ്ങൾ മുൻപും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്.
മകൾ സിനിമയിലെത്തുമോ എന്ന ചോദ്യത്തിന്, “അവൾക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനിക്കറിയില്ല. ഇതുവരെ വലിയ താൽപ്പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ, അവരുടെ ഇഷ്ടാനുഷ്ടങ്ങൾ മാറുമല്ലോ. അവളിപ്പോൾ വിദേശത്ത് പഠിക്കുകയാണ്,” എന്നാണ് അജയ് ദേവ്ഗൺ ഒരിക്കൽ മറുപടി പറഞ്ഞത്.
അടുത്തിടെ അഹമ്മദ്‌നഗറിലെ നിരാലംബരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ നൈസ പങ്കെടുത്തിരുന്നു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ച നൈസ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു. വിദ്യാഭ്യാസത്തിന്റെയും പുസ്തക വായനയുടെയും പ്രാധാന്യത്തെക്കുറിച്ചും നൈസ പരിപാടിയിൽ സംസാരിച്ചു.
“എനിക്ക് വായിക്കാൻ ഇഷ്ടമാണ്. ഞാൻ ദിവസവും 2-3 പുസ്തകങ്ങൾ വായിക്കുമായിരുന്നു. നിങ്ങളും വായന നിർത്തരുത്,” എന്നായിരുന്നു നൈസയുടെ വാക്കുകൾ. സ്വിറ്റ്‌സർലൻഡിൽ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. യുഗ് എന്നൊരു സഹോദരൻ കൂടെ നൈസയ്ക്കുണ്ട്.