അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതായി നടൻ ജേക്കബ് ഗ്രിഗറി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗ്രിഗറി ഇക്കാര്യം അറിയിച്ചത്. വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. മലയാള സിനിമ മേഖലയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന താരങ്ങളിൽ ഒരാളാണ് ഗ്രിഗറി. നേരത്തേ നടിയും ദുബായിൽ ഒരു സ്വകാര്യ എഫ്എമ്മിലെ ആർജെയുമായ നൈല ഉഷയും കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
“ഇന്ന് എനിക്ക് എന്റെ ആദ്യത്തെ ഡോസ് വാക്സിൻ ലഭിച്ചു. ജീവൻ രക്ഷിക്കാൻ എല്ലാവരും നമ്മുടെ നമ്മുടെ ഭാഗം ഭംഗിയായി നിർവഹിക്കട്ടെ, ഈ വാക്സിൻ അതിന്റെ ഭാഗമാണ്. മുൻനിര പ്രവർത്തകർ, ശാസ്ത്രജ്ഞർ / ഗവേഷകർ, തൊഴിലാളികൾ, ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ കൂട്ടായ നന്മയ്ക്ക് സംഭാവന നൽകിയ എല്ലാവർക്കും നന്ദി,” വാക്സിൻ സ്വീകരിച്ചതിന് ശേഷമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഗ്രിഗറി കുറിച്ചു.
ഗ്രിഗറിയുടെ ചിത്രത്തിന് താഴെ താൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു എന്ന കമന്റുമായി നസ്രിയയും എത്തി. നസ്രിയയെ താനും മിസ് ചെയ്യുന്നുണ്ടെന്ന് ഗ്രിഗറി മറുപടി നൽകി.
എന്നാൽ പോസ്റ്റിൽ, ഏത് വാക്സിനാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഫൈസറും ബയോൺടെക്കും നിർമിച്ചെടുത്ത വാക്സിനും മൊഡേണ വാക്സിനും രാജ്യത്തെ റെഗുലേറ്റർമാർ. രണ്ട് വാക്സിനുകളും ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോസുകളായി എടുക്കണം. പ്രത്യക്ഷത്തിൽ, യുഎസിൽ 23 ദശലക്ഷം ആളുകൾക്ക് ഇതിനകം ഒരു ഡോസ് വാക്സിൻ ലഭിച്ചു.
താൻ സ്വീകരിച്ചത് സിനോഫാം എന്ന വാക്സിനാണെന്നും അത് സ്വീകരിച്ചതിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്നും യുഎഇയിൽ വ്യാപകമായി നൽകപ്പെടുന്നുണ്ടെന്നും നൈല ഉഷ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു.