മമ്മൂട്ടിയുടെ നായികയായി സിനിമയിൽ തുടക്കം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ നൈല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചു.
നൈല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പ്രിയന് ഓട്ടത്തിലാണ്’ എന്ന ചിത്രം ജൂൺ 24ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനിടെ നൈല ഉഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ദുബായിലെ മമ്മൂട്ടി ഞാനാണ്, അത് മമ്മൂക്കയോടും പറഞ്ഞിട്ടുണ്ട്’ എന്നാണ് നൈല പറയുന്നത്.
18 വർഷമായി റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്നു, ആ ജോലി വിട്ട് സിനിമയിൽ സജീവമാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നൈല. “ആ സീറ്റ് ഞാനാർക്കും വിട്ടുകൊടുക്കുന്നതായിരിക്കില്ല. എന്നെ റേഡിയോയിൽ കേട്ട് പോയികൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് അന്ന് അഞ്ചു വയസ്സായിരുന്നെങ്കിൽ ഇന്ന് അവർ കല്യാണം കഴിച്ച് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. ആ കുട്ടിയൊക്കെ എന്നോട് വന്നു പറയും, ചേച്ചീ ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ റേഡിയോയിൽ കേട്ടു തുടങ്ങിയതാണ് ചേച്ചിയെ എന്ന്. ഞാനെന്നെ ഒരു വെറ്റെറൻ ആയാണ് കാണുന്നത്.”
“ഞാൻ മമ്മൂക്കയുടെ അടുത്ത് ഇടയ്ക്കിടെ പറയും, ഇവിടുത്തെ മമ്മൂട്ടി മമ്മൂക്കയായിരിക്കാം, പക്ഷേ ദുബായിലെ മമ്മൂട്ടി ഞാനാണ് എന്ന്. ഞാൻ മലയാളത്തിലെ ആദ്യത്തെ എഫ് എം റേഡിയോ ജോക്കിയാണ്. എന്റെ ശബ്ദമാണ് അതിലൂടെ ആദ്യം വന്നത്. അതെന്റെ കോട്ടയാണ്, അത് വിട്ടുകളയില്ല,” നൈല കൂട്ടിച്ചേർത്തു.
ഷറഫുദ്ദീൻ,നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണിയാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ സംവിധാനം ചെയ്യുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ., കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.
വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയത്.
Read more: ഓരോ തവണ കാണുമ്പോഴും അതിശയിപ്പിക്കുന്ന മമ്മൂക്ക; നൈല ഉഷ പറയുന്നു