നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മിഖായേലിന്റെ സെക്കന്റ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നേരത്തേ പുറത്തു വന്ന പോസ്റ്ററില്‍ നിവിന്റെ മുഖം പകുതിയേ കാണുന്നുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ മാസ് ലുക്കില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് നിവിന്‍. കായംകുളം കൊച്ചുണ്ണിയില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട് മിഖായലിലേക്ക് എത്തുമ്പോള്‍ നിവിന്‍. ഹനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളുടെ സ്വഭാവം തന്നെയായിരിക്കും മിഖായേലിനുമെന്നാണ് രണ്ടാം പോസ്റ്ററും പറഞ്ഞുവെക്കുന്നത്.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേല്‍’. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയുടെതായിരുന്നു. കഴിഞ്ഞ മാസം ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി തന്നെയായിരുന്നു പുറത്ത് വിട്ടത്. ടീസര്‍ വന്നതു മുതല്‍ ആരാധകരും മിഖായേലിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിന് ആവേശം പകരുന്നതാണ് പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും.

‘ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍’ എന്ന ടാഗ് ലൈനോടെയാണ് ‘മിഖായേല്‍’ അവതരിപ്പിക്കുന്നത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജെഡി ചക്രവര്‍ത്തി, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

മിഖായേലിന്റെ ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കരാണ്. ഗോപി സുന്ദറാണ് ചിത്രത്തിനായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കായങ്കുളം കൊച്ചുണ്ണിക്ക് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് മിഖായേല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook