കീർത്തി സുരേഷിനു പിന്നാലെ നിത്യ മേനോനും മഹാനടിയായ സാവിത്രിയാവാൻ ഒരുങ്ങുന്നു. എൻടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ മേനോൻ പഴയകാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയെ അവതരിപ്പിക്കുന്നത്. ഈ വർഷം തുടക്കത്തിൽ കീർത്തി സുരേഷും ‘മഹാനദി’ എന്ന ചിത്രത്തിൽ സാവിത്രിയെ അവതരിപ്പിക്കുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

നിത്യ മേനോൻ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1962 ൽ ഇറങ്ങിയ ‘ഗുണ്ടമ്മ കഥ’ എന്ന ചിത്രത്തിലെ ഒരു സീനാണ് പോസ്റ്ററിൽ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. പോസ്റ്ററിൽ എൻ.ടി.രാമറാവുവായി ബാലകൃഷ്ണയും സാവിത്രിയായി നിത്യ മേനോനുമാണ് നിറയുന്നത്. “സാവിത്രി അമ്മയായുള്ള എന്റെ ആദ്യ ലുക്ക് അഭിമാനത്തെ അവതരിപ്പിക്കുന്നു,” എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്. വസ്ത്രധാരണത്തിലും മേയ്ക്കപ്പിലുമൊക്കെ സാവിത്രിയുമായി ഏറെ സാമ്യം പുലർത്തുന്നുണ്ട് നിത്യയുടെ ലുക്ക്.

രണ്ടു ഭാഗമായാണ് എൻടിആറിന്റെ ജീവിതചരിത്ര ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് ‘കഥാനായകുഡു’ എന്നും രണ്ടാം ഭാഗത്തിന് ‘മഹാനായകുഡു’ എന്നുമാണ് പേരിട്ടിരിക്കുന്നത്. ആദ്യഭാഗം 2019 ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം 2020 ജനുവരി 26 നാണ് റിലീസ്. എൻടിആറിന്റെ ജീവിതത്തെ കുറിച്ചും നേട്ടങ്ങളെ കുറിച്ചുമൊക്കെയാണ് ചിത്രം പറയുന്നത്.

അച്ഛന്റെ വേഷത്തിൽ മകൻ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ​ എൻടിആറിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ബാലകൃഷ്ണയാണ്. ബാലകൃഷ്ണ തന്നെയാണ് എൻബികെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. വിദ്യാ ബാലൻ, സുമന്ത്, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

അക്ഷയ് കുമാർ നായകനാവുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് നിത്യ മേനോൻ. തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരും ചിത്രത്തിലുണ്ട്. ജഗൻ സാക്ഷിയാണ് സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് ‘മിഷൻ മംഗൾ’.

“ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗളിന്റെ കഥ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനവും ആവേശവുമുണ്ട്. 2013 നവംബർ 5 നായിരുന്നല്ലോ മിഷൻ മംഗൾ, യാദൃശ്ചികവശാൽ ഈ മിഷനും നവംബർ 5 ന് തന്നെ ആരംഭിക്കുകാണ്. ‘മിഷൻ മംഗൾ’ ടീമിനെ കാണൂ, ഞങ്ങളുടെ ശുഭ മംഗള യാത്രയ്ക്ക് ആശംസകൾ നേരൂ,” എന്ന കുറിപ്പോടെ താരങ്ങൾക്കൊപ്പമുള്ള ചിത്രം അക്ഷയ് കുമാർ ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook