/indian-express-malayalam/media/media_files/uploads/2023/02/n-s-madhavan-mammootty.jpg)
സമീപകാലത്തിറങ്ങിയ സിനിമകളിൽ പ്രകടനം കൊണ്ട് മമ്മൂട്ടി ഞെട്ടിച്ചുകളഞ്ഞ ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തുവരികയാണ്.
ചിത്രത്തിൽ തനിക്കേറെ ഇഷ്ടപ്പെട്ട ഒരു രംഗത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "മലയാളിയായ ജെയിംസ് തന്റെ മുണ്ടു മാറ്റി തമിഴൻ സുന്ദരമായി മാറാനായി ലുങ്കി ഉടുക്കുന്ന രംഗമാണ് നൻപകൽ നേരത്ത് മയക്കത്തിൽ എനിക്കേറ്റവും രോമാഞ്ചമുണ്ടാക്കിയ മുഹൂർത്തം. മമ്മൂട്ടി വിസ്മയിപ്പിക്കുന്ന പരിവർത്തനമാണ് അവിടെ പുറത്തെടുക്കുന്നത്. ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റവും മാറി. സല്യൂട്ട്, മാസ്റ്റർ തെസ്പിയൻ!" എൻ എസ് മാധവൻ കുറിച്ചു.
Goosebumps moment for me in #NanpakalNerathuMayakkam was when Malayali James puts aside his mundu for Tamilian Sundaram’s lungi. At that moment @mammukka pulls off an astounding transformation. In a second his body language and demeanour change. Salute, Master thespian! pic.twitter.com/bXMnful22p
— N.S. Madhavan (@NSMlive) February 24, 2023
മലയാളത്തിന്റെ പ്രിയ എഴുത്തുക്കാരൻ ശ്രീകുമാരൻ തമ്പിയും അടുത്തിടെ ചിത്രത്തെ കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. " 'നൻപകൽ നേരത്ത് മയക്കം' കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അൻപത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചെലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം," എന്നായിരുന്നു ശ്രീകുമാരൻ തമ്പി കുറിച്ചത്.
മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.