November Malayalam Movie Release: പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ നവംബറിൽ റിലീസിനെത്തുന്നത്. നവംബർ ഒന്നിന് തിയേറ്ററുകളിലെത്തുന്ന ‘അണ്ടർ വേൾഡ്’, ‘ആകാശഗംഗ’ എന്നീ ചിത്രങ്ങൾ തുടങ്ങി മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം’ വരെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
Mamangam release date: ‘മാമാങ്കം’ കൊടിയേറാൻ ഇനി 21 നാളുകൾ മാത്രം
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് റിലീസ് ചിത്രങ്ങളിലൊന്നാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രവും ചാവേർ യോദ്ധാക്കളുടെ കഥയുമാണ് ചിത്രം പറയുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെ എത്തുന്നുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് പത്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.നവംബർ 21 നാണ് ചിത്രത്തിന്റെ റിലീസ്.
നാളെ കേരളപ്പിറവി ദിനത്തിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടർ വേൾഡ്’, വിനയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘ആകാശഗംഗ’ എന്നിവയാണ് നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ.
Under world Release: ആസിഫ്- ഫർഹാൻ ടീമിന്റെ അണ്ടർ വേൾഡ്
ആസിഫ് അലി, ഫര്‍ഹാന്‍ ഫാസിൽ, ജീൻപോൾ ലാൽ എന്നിവരാണ് ‘അണ്ടർ വേൾഡിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ‘കോക്‌ടെയ്ൽ’, ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുണ്‍ കുമാര്‍ അരവിന്ദ് ണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. ‘സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക’ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും യാക്ക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സംയുക്ത മേനോൻ, മുത്തുമണി, മുകേഷ്, ശ്രീകാന്ത് മുരളി, അരുൺ എന്നിവരാണ് മറ്റു താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രത്തിന്റെ വിതരണക്കാർ.
Aakasha Ganga 2 Release: ആകാശഗംഗ 2; ഭയപ്പെടുത്താൻ വീണ്ടും വിനയൻ
സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായ ‘ആകാശഗംഗ’യുടെ സ്വീകലായ ‘ആകാശഗംഗ2’ നാളെ തിയേറ്ററുകളിലെത്തുകയാണ്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ വിനയൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും നടന്നത്.
രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ യ്ക്കുശേഷം വിനയന്‍ ഒരുക്കുന്ന ചിത്രമാണിത്.
പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡോള്‍ബി അറ്റ്‌മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്.
Read more: ചാന്‍സ് ചോദിച്ചുവന്ന മെലിഞ്ഞ നീണ്ട ചെക്കന്‍; മഹാനടന്റെ അത്യപൂര്‍വ ചിത്രം
Nalpathiyonnu release date: ലാൽജോസ്- ബിജു മേനോൻ ടീമിന്റ നാൽപ്പത്തിയൊന്ന്
തട്ടുംപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിനു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാൽപ്പത്തിയൊന്ന്’. ലാൽ ജോസിന്റെ 25-ാമത്തെ ചിത്രമാണിത്. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂരിൽ നിന്നു തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കർണാടകയിലെ മടിക്കേരിയും വാഗമണ്ണും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയില്‍ ‘നാൽപ്പത്തിയൊന്ന്’ കഥാപാത്രങ്ങളാണുളളതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്തിവാദി മലകയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ഇടതുപക്ഷ അനുഭാവിയായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം എല്‍ജെ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുക. പ്രഗീഷ് പിജിയുടേതാണ് തിരക്കഥ. എസ്.കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം നവംബർ എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്.
Android Kunjappan Version 5.25 release date: സൗബിനും സുരാജും വീണ്ടുമൊന്നിക്കുന്ന ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’
മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹ്യൂമനോയിഡാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്.
ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
Stand Up release date: നിമിഷയും രജിഷയും കൈകോർക്കുന്ന ‘സ്റ്റാൻഡ് അപ്’
സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. നിമിഷയ്‌ക്കൊപ്പം രജിഷ വിജയനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിധു വിന്‍സെന്റാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ഉമേഷ് ഓമനക്കുട്ടനാണ് ‘സ്റ്റാന്‍ഡ് അപ്പി’ന്റെ തിരക്കഥ. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒന്നാണ് ‘സ്റ്റാന്‍ഡ് അപ്പ്’ കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു വിന്‍സെന്റ് പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേഷ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Moothon release Date: ഗീതുവിന്റെയും നിവിന്റെയും ‘മൂത്തോൻ’
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയതിനു ശേഷം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’. നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെ എ ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാറും കിരൺ ദാസും ചേർന്നാണ് എഡിറ്റിംഗ്. സംഗീതം നിർവ്വഹിച്ചത് സാഗർ ദേശായ്. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. നവംബർ 11 ആണ് ചിത്രം റിലീസിനെത്തുന്നത്.
Helen release date: ത്രില്ലടിപ്പിക്കാൻ ‘ഹെലൻ’
‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഹെലൻ’. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ഈ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലാൽ ആണ് അന്നയുടെ അച്ഛനായി എത്തുന്നത്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ‘ഹെലന്‍’ വിനീത് നിര്‍മ്മക്കുന്ന രണ്ടാമത്തെ ചിത്രമാണ്. 2016 ല്‍ പുറത്തിറങ്ങിയ ‘ആനന്ദ’മാണ് വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം. സിനിമ നവംബർ റിലീസാണെന്ന് അണിയറക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിലീസിംഗ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Jack Daniel release date: ദിലീപിന്റെ ‘ജാക്ക് ഡാനിയൽ’
ദിലീപിനെ നായകനാക്കി എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ഡാനിയൽ’. ചിത്രത്തിൽ ആക്ഷൻ ഹീറോ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. അതിഥി വേഷത്തിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും ചിത്രത്തിലുണ്ട്. അഞ്ചു കുര്യൻ ആണ് നായികയായി എത്തുന്നത്. ‘സ്പീഡ് ട്രാക്ക്’ എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്തതും ജയസൂര്യയായിരുന്നു.
‘എന്‍ജികെ’ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ‘ജാക്ക് ഡാനിയലി’ന്റെ ഛായാഗ്രഹണം. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. ആക്‌ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഷിബു തമീൻസ് ചിത്രത്തിന്റെ നിർമാതാവ്. നവംബർ ഏഴിനാണ് ‘ജാക്ക് ഡാനിയൽ’ തിയേറ്ററുകളിലെത്തുക.
Read more: കല്യാണം തീരുമാനിച്ചത് മാമാങ്കത്തിന്റെ റിലീസ് ദിവസം; പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് യുവാവ്