scorecardresearch
Latest News

വൈകാരികമായി എന്നെ തളർത്തി കളഞ്ഞ കഥാപാത്രമായിരുന്നു പാപ്പ: സാധന വെങ്കടേഷ്

മമ്മൂട്ടി അങ്കിൾ ഒരു ടെക്‌സ്റ്റ് ബുക്ക് പോലെയാണ്. ഫ്രെയിം, ക്യാമറ ടെക്‌നിക്, ലൈറ്റിംഗ്‌, സംവിധാനം എന്നു തുടങ്ങിയെല്ലാം അദ്ദേഹത്തിന് അറിയാം

വൈകാരികമായി എന്നെ തളർത്തി കളഞ്ഞ കഥാപാത്രമായിരുന്നു പാപ്പ: സാധന വെങ്കടേഷ്

‘പേരൻപ്’ കണ്ടിറങ്ങിയവരുടെ മനസ്സിൽ നിന്നും പാപ്പ എന്ന പെൺകുട്ടി അത്രവേഗമൊന്നും മാഞ്ഞുപോവില്ല. സ്‌പാസ്റ്റിക്‌ പരാലിസിസ്‌ എന്ന രോഗാവസ്ഥയുള്ള, ഭിന്നശേഷിയുള്ള കൗമാരക്കാരിയായി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച പാപ്പ, സമൂഹം പലപ്പോഴും കണ്ടിട്ടും കാണാതെ പോവുന്ന ഒരുവിഭാഗത്തിന്റെ ജീവിതത്തിലേക്കു കൂടിയാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോയത്. സാധന വെങ്കടേഷ് എന്ന പതിനേഴുകാരിയാണ് പാപ്പയായി കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. ‘പേരൻപി’നെ കുറിച്ചും സിനിമാനുഭവങ്ങളെ കുറിച്ചും സാധന ഇന്ത്യൻ എക്സ്‌പ്രസിനോട് സംസാരിക്കുന്നു.

സംവിധായകൻ റാമിന്റെ തന്നെ മുൻചിത്രമായ ‘തങ്കമീൻകളി’ലാണ് പത്തുവയസ്സുള്ള ചെല്ലമ്മയായി പ്രേക്ഷകർ ആദ്യം സാധനയെ കണ്ടത്. ‘തങ്കമീൻകൾ’ എന്ന ചിത്രത്തിനനു ശേഷം മറ്റൊരു ചിത്രത്തിലും അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലയെന്നും എങ്കിലും ‘പേരൻപി’ലെ കഥാപാത്രം തേടിയെത്തിയപ്പോൾ സ്വീകരിക്കാതിരിക്കാൻ ആയില്ലെന്നുമാണ് സാധന പറയുന്നത്; “നിരവധി ഓഫറുകൾ വന്നിരുന്നെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ റാം അങ്കിളിനോട് ‘നോ’ പറയുകയെന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ്. ഏറെ സ്വാതന്ത്ര്യത്തോടെ ഇടപെടാവുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് എന്നോടുളള കൺസേൺ സിനിമയ്ക്കുമപ്പുറമാണ്. ഒരു ദിവസം റാം അങ്കിൾ എന്നെ വിളിച്ചിട്ട് ‘ചെല്ലമ്മാ… നിനക്കൊരു നാഷണൽ അവാർഡ് കൂടെ ലഭിക്കാൻ പോകുന്നു’ എന്നു പറഞ്ഞു. (അദ്ദേഹം എന്നെ ചെല്ലമ്മ എന്നാണ് വിളിക്കാറുളളത്). മമ്മൂട്ടി സാറിനൊപ്പമുള്ള ആത്മാവുള്ളൊരു ചിത്രമാണിത്, നീ അദ്ദേഹത്തിന്റെ മകളായാണ് അഭിനയിക്കുന്നത് എന്നു പറഞ്ഞു. എന്താണ് പറയേണ്ടത് എന്നുപോലും അറിയാതെ വിശ്വസിക്കാനാവാതെയിരുന്നു ഞാൻ.”

Read more: പ്രേക്ഷകരേ, നിങ്ങള്‍ കണ്ടതാണ് ഞങ്ങള്‍: ‘പേരന്‍പി’ല്‍ ജീവിതം കണ്ട ഒരമ്മ

“റാം അങ്കിൾ കഥ പറഞ്ഞപ്പോൾ എന്നെ കൊണ്ട് പാപ്പയെ അവതരിപ്പിക്കാൻ സാധിക്കുമോ എന്നെനിക്ക്​ ആശങ്കയുണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയ്ക്കും എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. ആ കഥാപാത്രത്തെ ഉൾകൊളളാൻ അവരെന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനൊരു ട്രെയിൻഡ് അഭിനേതാവ് അല്ലാത്തതു കൊണ്ട് ആദ്യമൊക്കെ വലിയ ടെൻഷനായിരുന്നു. ഒരു സ്പെഷ്യൽ ചൈൽഡ് ആയി അഭിനയിക്കാൻ ഇൻഹിബിഷനും തോന്നി. ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ, ഞാൻ മോണിറ്ററിലോ ക്യാമറയിലോ നോക്കിയിരുന്നില്ല. എന്റെ ലുക്ക് കാണുമ്പോൾ എനിക്ക് ഇൻസെക്യുർ ഫീൽ ഉണ്ടാവുമെന്നു തോന്നി,” സാധന പറയുന്നു.

വൈകാരികമായി തന്നെ തളർത്തി കളഞ്ഞ കഥാപാത്രമാണ് പാപ്പ എന്നാണ് സാധന പറയുന്നത്. ” ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു പാപ്പ ആയി മാറാൻ. വായയും കൈകളും കാലുകളുമൊക്കെ ഒരു അബ്നോർമൽ രീതിയിൽ പിടിച്ചുകൊണ്ടാണ് അഭിനയിച്ചത്. എന്നാൽ ഒടുവിൽ എന്റെ വേദനയ്ക്കും കഷ്ടപ്പാടിനുമൊക്കെ ഫലം ഉണ്ടായിരിക്കുന്നു. എന്റെ പ്രായത്തിലുള്ള എല്ലാവർക്കും മമ്മൂട്ടി അങ്കിളിനെ പോലൊരു ഇതിഹാസതാരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയെന്നു വരില്ല. അദ്ദേഹം ഒരു ടെക്സ്റ്റ് ബുക്ക് പോലെയാണ്. ഷോട്ട് ഫ്രെയിം ചെയ്യുന്ന രീതി, ക്യാമറ ടെക്നിക്ക്സ്, ലൈറ്റിംഗ് എന്നു തുടങ്ങി സംവിധാനത്തെ കുറിച്ചുവരെ അദ്ദേഹത്തിന് കൃത്യമായി അറിയാം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം കാണാനും മനസ്സിലാക്കാനുമുള്ള കണ്ണുകൾ തുറപ്പിച്ചതിനൊപ്പം തന്നെ, നല്ലൊരു വ്യക്തിയാവാനും പേരൻപ് എനിക്ക് പ്രചോദനമായിട്ടുണ്ട്. കുറേയേറെ ദിവസങ്ങൾ ഞാൻ സ്‌പാസ്റ്റിക്‌ പരാലിസിസ്‌ അവസ്ഥയുള്ളള കുട്ടികൾക്കൊപ്പം ചെലവഴിച്ചിരുന്നു, അത്തരം കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിലാണ് കുറേ രംഗങ്ങൾ ചിത്രീകരിച്ചത്. അവർക്ക് വേണ്ടത് സമൂഹത്തിലെ സ്വീകാര്യതയും സ്നേഹവുമാണ്, അല്ലാതെ സഹതാപമല്ലെന്ന് എനിക്ക് മനസ്സിലായി,” സാധന കൂട്ടിച്ചേർക്കുന്നു.

“പേരൻപിൽ കളർഫുളായ വസ്ത്രങ്ങളൊക്കെ ധരിക്കാം എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഞാൻ നിരാശയായി. അത്തരത്തിലുള്ള ഒന്നും ചിത്രത്തിലില്ലായിരുന്നു. അടുത്ത ചിത്രത്തിൽ നന്നായി ഡ്രസ്സ് ചെയ്ത, മേക്കപ്പ് ഒക്കെ അണിഞ്ഞ ഒരു കഥാപാത്രത്തെ എനിക്കു തരണമെന്ന് റാം അങ്കിളിനോട് ഞാൻ പറഞ്ഞിട്ടുണ്ട്,” ചിരിയോടെ സാധന പറഞ്ഞു.

‘തങ്കമീന്‍കളി’ലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധിയേറെ അവാർഡുകളാണ് സാധന നേടിയത്. “നൂറിലേറെ പെൺകുട്ടികളാണ് അന്ന് ഓഡിഷന് എത്തിയിരുന്നത്. ഞാനിപ്പോഴും ഓർക്കുന്നു, ഓരോ സീനും എത്രമാത്രം വിവരിച്ചാണ് റാം​ അങ്കിൾ പറഞ്ഞു തന്നതെന്ന്. ഞാൻ വളരെ ചെറുതായതു കൊണ്ട് അന്ന് കഥാപാത്രത്തിന്റെ പ്രാധാന്യമോ, എന്താണ് എന്നിൽ നിന്നും അദ്ദേഹത്തിന് വേണ്ടതെന്നോ എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അഭിനയിക്കുമ്പോൾ അദ്ദേഹം എനിക്ക് പൂർണമായ സ്വാതന്ത്ര്യം തന്നു,” പത്താം വയസ്സിൽ തനിക്ക് ദേശീയ അവാർഡ് കൊണ്ടുതന്ന ‘തങ്കമീൻകളിൽ റാമിനൊപ്പം അഭിനയിച്ച ഓർമ്മകൾ സാധന ഓർത്തെടുക്കുന്നു.

” ഒരിക്കലും സിനിമയിൽ വരണമെന്ന് ഞാനാഗ്രഹിച്ചിരുന്നില്ല, പക്ഷേ അഭിമാനിക്കാവുന്ന രണ്ടു ചിത്രങ്ങൾ സമ്മാനിച്ചതിന് ഞാനെന്നും റാം അങ്കിളിനോട് കടപ്പെട്ടിരിക്കുന്നു.” ‘ഞാനൊരു നല്ല അഭിനേതാവാണോ എന്നെനിക്കറിയില്ല’യെന്നും സാധന തുറന്നു പറയുന്നു. “സിനിമ യാദൃശ്ചികമായി സംഭവിച്ചതാണ്. പ്രൊഫഷണലി പിന്തുടരണം എന്ന് ഞാനാഗ്രഹിച്ച ഒന്നല്ല ഇത്. കൂടുതൽ താൽപ്പര്യം ഭരതനാട്യത്തോടാണ്. ഭരതനാട്യമാണ് എനിക്കെല്ലാം. അഞ്ചുവയസ്സുള്ളപ്പോൾ എന്റെ അമ്മയിൽ നിന്നുമാണ് ഞാൻ നൃത്തം പഠിച്ചു തുടങ്ങിയത്,” സാധന കൂട്ടിച്ചേർക്കുന്നു.

ഒരു ക്ലാസ്സിക്കൽ ഡാൻസറായ സാധനയ്ക്ക് മുഖഭാവങ്ങളിൽ മാറ്റം കൊണ്ടുവരുന്നത് ചലഞ്ചിംഗ് ആയിരുന്നോ?

“അഭിനയവും നൃത്തവും രണ്ടും രണ്ടാണ്. അഭിനയിക്കുമ്പോൾ വികാരങ്ങൾ കൊണ്ട് നിങ്ങൾ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്, ഡാൻസ് പക്ഷേ ആത്മാവിന്റെ പ്രകടനമാണ്, അത് കൂടുതലും ഒരു വ്യക്തിഗത യാത്രയാണ്. ഞാൻ പ്രകൃതം കൊണ്ട് തന്നെ വളരെ എക്സ്പ്രസീവ് ആയൊരു ആളാണ്, റാം അങ്കിൾ എന്നോട് എപ്പോഴും പറയുമായിരുന്നു, ‘ചെല്ലമ്മ, അഭിനയിക്കേണ്ട, ബിഹേവ് ചെയ്താൽ മതി’യെന്ന്.”

എന്താണ് തനിക്ക് സിനിമ എന്നതിനെ കുറിച്ചും ഈ പതിനേഴുകാരിയ്ക്ക് കൃത്യമായ ധാരണകളുണ്ട്. കൊമേഴ്സ്യൽ സിനിമകൾക്ക് പിറകെ പോകണമെന്നോ ധാരാളം സിനിമകൾ ചെയ്യണമെന്നോ തനിക്കാഗ്രഹമില്ലെന്നു തുറന്നു പറഞ്ഞ സാധന, തനിക്ക് അർത്ഥവത്തായി തോന്നുന്ന സിനിമകൾ മാത്രമേ സ്വീകരിക്കൂവെന്നും കൂട്ടിച്ചേർക്കുന്നു. എന്താണ് സാധനയുടെ ഡ്രീം റോൾ എന്ന ചോദ്യത്തിന്, “കരാട്ടെ കിഡിന്റെ ഇന്ത്യൻ വേർഷനിൽ അഭിനയിക്കണം,” എന്ന് സാധന ഉത്തരമേകുന്നു.

Read more: ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട അവസ്ഥ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Not sure if i am a good actor sadhana venkatesh