പാടരുതെന്ന് കൽപിച്ച് ഫത്‌വ പുറപ്പെടുവിച്ചവർക്ക് ചുട്ട മറുപടിയുമായി ഗായിക നഹിദ് അഫ്രിൻ. താൻ ഒരിക്കലും പാട്ട് നിർത്തില്ലെന്നും ഫത്‌വ ഭയക്കുന്നില്ലെന്നും നഹിദ് പ്രഖ്യാപിച്ചപ്പോൾ അവസാന ശ്വാസം വരെ പോരാടാനുളള ശബ്‌ദം ആ വാക്കുകൾക്ക് ഉണ്ടായിരുന്നു. പൊതുപരിപാടികളിൽ പാടുന്നതിന് വിലക്കേർപ്പെടുത്തി 42 മുസ്‌ലിം പുരോഹിതന്മാരാണ് പതിനാറുകാരിയായ നഹിദിന് എതിരെ ഫത്‌വ പുറപ്പെടുവിച്ചത്.

സംഗീത പരിപാടികൾ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ഇവർ റിയാലിറ്റി ഷോ താരവും പിന്നണി ഗായികയുമായ നഹിദിനെ വിലക്കിയത്. എന്നാൽ താനൊരു പാട്ടുകാരിയാണെന്നും സംഗീതമാണ് തന്റെ ജീവിതമെന്നും പറഞ്ഞ നഹിദ്, അതില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. അല്ലാഹു പാടാനുളള കഴിവ് നൽകി തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും അവസാന ശ്വാസം വരെ പാടുമെന്നും ആസാംകാരിയായ നഹിദ് പറഞ്ഞു.
Assam, Fatwa, nahid afrin

ഫത്‌വ പുറപ്പെടുവിച്ച ശേഷം നിരവധി പേരാണ് നഹിദിന് പിന്തുണയുമായി എത്തിയത്. പലരും ഫോണിലൂടെ വിളിച്ചും സന്ദേശങ്ങളയച്ചും നഹിദിന് പിന്തുണ അറിയിക്കുന്നുണ്ട്. അസം മുഖ്യമന്ത്രി സർബനന്ദ സോനോവലും നഹിദയോട് ഭയക്കേണ്ടതില്ലെന്നും വരുന്ന 25ന് ഉദാലിയിൽ നടക്കുന്ന പരിപാടിക്ക് സുരക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ബോളിവുഡിലെ ഗായകരായ വിശാൽ ദദ്‌ലാനിയും സലിം മർച്ചന്റും നഹിദിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. അവളൊരു വിശ്വാസിയാണ്. ഒരു വിശ്വാസത്തിനും അവൾ എതിരുമല്ല. എന്റെ പൂർണ പിന്തുണ അവൾക്കുണ്ടെന്നും ഗായകൻ സലിം പറഞ്ഞു.

Read More: പാടുന്നത് നിർത്തണമെന്ന് മുസ്‌ലിം മതപുരോഹിതന്മാർ; യുവ ഗായികയ്ക്കെതിരെ ഫത്‌വ

കുടുംബത്തിന്റെ പൂർണ പിന്തുണയും നഹിദിനുണ്ട്. മാർച്ച് 25ന് നടക്കുന്ന സംഗീത പരിപാടി റദ്ദാക്കില്ലെന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്. ആസാമിലെ നിരവധി സംഘടനകളും വ്യക്തികളും ഇന്ത്യൻ ഐഡൾ ജൂനിയർ 2015 റണ്ണറപ്പായിരുന്ന നഹിദിന്റെ പരിപാടിക്ക് പിന്തുണയും സംരക്ഷണയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

2016ൽ സൊനാക്ഷി സിൻഹ നായികയായ അക്കീറ എന്ന ചിത്രത്തിൽ പാടി നഹിദ് ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ