സിനിമയിൽ കാസ്റ്റിങ് കൗച്ച് (കിടക്ക പങ്കിടൽ) ഉണ്ടെന്ന് പല നടികളും തുറന്നു പറഞ്ഞിട്ടുണ്ട്. ജൂലി 2 വിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന റായ് ലക്ഷ്മിയും സിനിമയിലെ കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. തമിഴ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ച് സിനിമാ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് റായ് ലക്ഷ്മി പറഞ്ഞത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് കാസ്റ്റിങ് കൗച്ച് ധാരാളമായി ഉണ്ടായിരുന്നു. പക്ഷേ ഇന്നതിൽ വളരെ കുറവ് വന്നിട്ടുണ്ട്. എന്നാൽ പൂർണമായും ഇല്ലെന്നു പറയാനാവില്ല. എല്ലാ അഭിനേതാക്കളും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഞാൻ പറയില്ല. എന്നാൽ ഓരോരുത്തരെയും സമീപിക്കുന്ന രീതികളിൽ വ്യത്യസ്തത ഉണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു.

Read More: ജൂലി 2 വിലെ ആ രംഗത്തിൽ അഭിനയിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും അറപ്പ് തോന്നും: റായ് ലക്ഷ്മി

ആരും കൂടെ കിടക്കണമെന്ന് നേരിട്ട് ആവശ്യപ്പെടാറില്ല. പലരും പല രീതിയിലാണ് ഇതിനു വേണ്ടി സമീപിക്കുക. ഇതിനായി മാത്രം സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. വളരെ കുറച്ചുപേരേ ഉളളൂ. പക്ഷേ അത്തരക്കാർ ഇപ്പോഴുമുണ്ട്. നിരവധി അഭിനേതാക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. രണ്ടാം ഭാഗത്തിൽ റായ് ലക്ഷ്മിയാണ് നായിക. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ ചിത്രം പറയുന്നു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ബിക്കിനി ധരിച്ചും റായ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ കരിയറിൽതന്നെ ഇത്രയും ഗ്ലാമറസായി റായ് ലക്ഷ്മി എത്തുന്നത് ഈ ചിത്രത്തിലാണ്.

ചിത്രത്തിന്റെ ട്രെയിലറിൽ ടോപ്‌ലെസായി കടൽത്തീരത്ത് കിടക്കുന്ന റായ് ലക്ഷ്മിയായിരുന്നു ഹൈലൈറ്റ്. ബോളിവുഡിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന റായ് ലക്ഷ്മി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നവംബർ 24 നാണ് ജൂലി 2 റിലീസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook