ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോ കണ്ടെന്നും ഏറെ ഇഷ്ടമായെന്നും നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം മലാല പങ്കുവച്ചത്. സിനിമ കാണാൻ മലാലയ്ക്ക് ഒപ്പം കുടുംബവും എത്തിയിരുന്നു.

”ഹലോ ഷാരൂഖ് ഖാൻ, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. നല്ലൊരു എന്റർടെയിനറായിരുന്നു. എന്റെ കുടുംബത്തിന് മുഴുവൻ ഇഷ്ടമായി. നിങ്ങളുടെ വലിയൊരു ആരാധികയാണ് ഞാൻ. ട്വിറ്ററിലൂടെ നിങ്ങളോട് ചാറ്റ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു ദിവസം നിങ്ങൾ ഓക്സ്ഫോർഡിൽ വരികയോ അല്ലെങ്കിൽ യുകെയിൽ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരിക്കും അത്. നല്ലവനും ആകർഷണീയനും അദ്ഭുതപ്പെടുന്ന വ്യക്തിയുമാണ് നിങ്ങളെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതുതന്നെ ആവർത്തിക്കുന്നു,” മലാല പറഞ്ഞു.

ആനന്ദ് എൽ.റായ് ആണ് സീറോ സിനിമയുടെ സംവിധായകൻ. അനുഷ്ക ശർമ്മ, കത്രീന കെയ്ഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 20 കോടിയാണ് ചിത്രം ബോക്സോഫിസിൽനിന്നും വാരിക്കൂട്ടിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റെയർടെയിൻമെന്റ് ആന്റ് കളർ യെല്ലോ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook