കൊച്ചി: ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ പ്രദർശനത്തിന് സ്റ്റേയില്ല. പ്രദർശനം തടയണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സാമൂതിരിയുടെ പടത്തലവൻ കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം പ്രമേയമായ സിനിമയുടെ റിലീസ് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

സിനിമ കുടുംബത്തേയും കുഞ്ഞാലി മരയ്ക്കാറെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് മരയ്ക്കാറുടെ പിൻമുറക്കാരിയും കൊയിലാണ്ടി നടുവത്തൂർ സ്വദേശിയുമായ മുഫീദ അറാഫത്ത് മരയ്ക്കാറാണ് കോടതിയെ സമീപിച്ചത്. സിനിമയ്ക്കെതിരെ ഹർജിക്കാരി നൽകിയ പരാതി കേന്ദ്ര സർക്കാരിന് കൈമാറിയോ എന്നറിയിക്കാൻ ഫിലിം സെൻസർ ബോർഡിന് കോടതി നിർദേശം നൽകി. വിഷയം കലയുമായി ബന്ധപ്പെട്ടതാണെന്നും എല്ലാ ആവിഷ്കാര സ്വാതന്ത്ര്യത്തിലും ഇടപെടാനാവില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു.

സിനിമയിൽ കുഞ്ഞാലി മരയ്ക്കാറുടെ യഥാർഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിട്ടുള്ളതെന്നും സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷത്തിന് കാരണമാവുമെന്നും സമുദായ സൗഹാർദം തകരുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവയ്ക്കുമെന്നുമാണ് ഹർജിയിലെ ആരോപണം.

Read Also: ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി അറിയിച്ച് മോഹൻലാൽ

മാർച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നതിനു ഇടയിലാണ് ഹൈക്കോടതിയിൽ ഈ ഹർജി എത്തിയത്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്.

നൂറുകോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook