കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിനെതിരെ ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്തുവന്നതോടെ പ്രഖ്യാപനം പിൻവലിച്ച് നിർമ്മാതാവ് വിജയ് ബാബു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്രെ നിർമ്മാതാക്കൾ. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ രണ്ടാം ഭാഗം പുറത്തിറക്കാൻ പറ്റില്ലെന്ന് ആദ്യ സിനിമയുടെ സംവിധായകൻ ടി.എസ്.സുരേഷ് ബാബുവും നിർമ്മാതാവ് അരോമ മണിയും രംഗത്തുവന്നതോടെയാണ് വിജയ് ബാബു പ്രോജക്ട് പിൻവലിച്ചത്.

കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലല്ലാതെ മമ്മൂട്ടിയെ നായകനാക്കിയുളള സിനിമയുമായി മുന്നോട്ടുപോകുമെന്ന് വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു കഥ കേട്ടപ്പോൾ അതിലെ കഥാപാത്രത്തിന് കോട്ടയം കുഞ്ഞച്ചന്റെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നി. അങ്ങനെയെങ്കിൽ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമായി ആ ചിത്രം ചെയ്യാമെന്ന് കരുതി. ഒരു മാസം മുൻപ് അരോമ മണി സാറിനെ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കണ്ടിരുന്നു. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവുമായും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫുമായും സംസാരിച്ചിട്ട് ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസമായി അതിന്റെ ചർച്ചയിലായിരുന്നു. സുരേഷ് ബാബുവിന്റെ സഹോദരനുമായും സംസാരിച്ചു. അതിനുശേഷം ഡെന്നിസ് ജോസഫുമായി സംസാരിച്ചു. ഇവരെല്ലാവരുമായും സംസാരിച്ച ശേഷമാണ് കോട്ടയം കുഞ്ഞച്ചൻ 2 വിന്റെ പ്രഖ്യാപനം നടത്തിയത്.

Read More: കോട്ടയം ചെല്ലപ്പനെന്ന് പേരിടാം, കോട്ടയം കുഞ്ഞച്ചൻ 2 പറ്റില്ല, അണിയറ പ്രവർത്തകർ രംഗത്ത്

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മണി സാറിന് ഒരു മാസം മുൻപേ പറയാമായിരുന്നു. ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കുന്നതെന്ന് അറിയില്ല. ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രശ്നമുണ്ടെങ്കിൽ കോട്ടയം കുഞ്ഞച്ചൻ 2 ചെയ്യുന്നില്ല. കോട്ടയം കുഞ്ഞച്ചൻ എന്ന പേര് മാറ്റും. പക്ഷേ കോട്ടയംകാരനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രവുമായി മുന്നോട്ടുപോകും. കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ പേരോ ആ കഥാപാത്രത്തിന്റെ പേരോ പുതിയ സിനിമയ്ക്ക് ഉണ്ടാകില്ല. പുതിയ പേര് പിന്നീട് അനൗൺസ് ചെയ്യും. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 വിന്റെ വിജയാഘോഷവേളയിലാണ് കോട്ടയം കുഞ്ഞച്ചൻ 2 വിന്റെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയായിരുന്നു ചിത്രം ഔദ്യോഗികമായി അനൗൺസ് ചെയ്തത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ