ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു എസ്.എസ്.രാജമൗലിയുടെ ബാഹുബലി. ഈ ചരിത്ര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഓരോ സിനിമാ പ്രവർത്തകനും ആഗ്രഹിച്ചു പോകും. പക്ഷേ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ വർക്ക് ചെയ്യുന്നത് വേണ്ടെന്നുവച്ച ഒരാളുണ്ട്, ആർട് ഡയറക്ടർ രവീന്ദർ.

ബാഹുബലിക്കു മുൻപ് രാജമൗലി സംവിധാനം ചെയ്ത 3 സിനിമകളിലെയും ആർട് ഡയറക്ടർ രവീന്ദർ ആയിരുന്നു. എന്നിട്ടും ബാഹുബലിയിൽ രവീന്ദർ ഉണ്ടായില്ല. ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രവീന്ദർ.

ബാഹുബലിയിലും ആർട് ഡയറക്ടർ ഞാനാവണമെന്നായിരുന്നു രാജമൗലിയുടെ ആഗ്രഹം. പക്ഷേ സ്വയം ഞാൻ ആ സിനിമയിൽനിന്നും പിന്മാറുകയായിരുന്നു. ബാഹുബലി പോലൊരു ബ്ലോക്ബസ്റ്റർ വിജയമായ ചിത്രം ഉപേക്ഷിച്ചതിൽ തനിക്കൊരു നിരാശയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമയായ ബാഗമതിയുടെ ആർട് ഡയറക്ടർ രവീന്ദർ ആയിരുന്നു. സിനിമയ്ക്ക് പല കോണുകളിൽനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോഴാണ് രവീന്ദർ ബാഹുബലി വേണ്ടെന്നുവച്ചതിനെക്കുറിച്ച് കാരണം വ്യക്തമാക്കിയത്.

”ബാഹുബലിയുടെ ചർച്ചകൾ നടക്കുന്ന സമയത്ത് അത് ഒറ്റ പാർട്ടുളള സിനിമയായിരുന്നു. സിനിമയിൽ വർക്ക് ചെയ്യണമെന്ന് രാജമൗലി എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഒരു സിനിമയ്ക്ക് 4 വർഷം ചെലവഴിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. കാരണം ഞാൻ അതിനു മുൻപേ മറ്റു ചില സിനിമകളിൽ കരാർ ഏർപ്പെട്ടിരുന്നു”.

”ആ 4 വർഷത്തിനിടയിൽ ഞാൻ 11 സിനിമകൾ ചെയ്തു. അവയിൽ ചിലത് വലിയ പ്രോജക്ടുകൾ ആയിരുന്നു. മാത്രമല്ല അതിനിടയിൽ എന്റെ സ്വപ്നമായിരുന്ന ബൊട്ടീക് തുടങ്ങി. ബാഹുബലി വേണ്ടെന്നുവച്ചതുമൂലം എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. ബാഹുബലി വൻ വിജയമായതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടതിൽ ഒട്ടും നിരാശയില്ല”.

രാജമൗലിയുമായുളള തന്റെ സൗഹൃദം പഴയതുപോലെ തുടരുന്നുണ്ട്. ഭാവിയിൽ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രവർത്തിക്കുമെന്നും രവീന്ദർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook