കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തിയേറ്ററുകളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.

ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടോമിച്ചൻ മുളകുപാടം കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപിയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്.

‘ലയൺ’ എന്ന ചിത്രത്തിന് ശേഷം ദിലീപ് ശക്തനായ രാഷ്ട്രീയ നേതാവായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണിത്. പുലിമുരുകന്‍ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമയാണ് രാമലീല. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ എത്തുന്നത്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. ബി.കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ