ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മാസ്റ്റർ’ ഒടിടി റിലീസിനെത്തുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി നിർമാതാക്കൾ. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു എന്നും, എന്നാൽ തങ്ങൾ തിയേറ്റർ റിലീസാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ വ്യക്തമാക്കി.
കോവിഡ് മഹാമാരി മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സിനിമ മേഖലുടെ തിരിച്ചുവരവിന്, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യേണ്ടത് അനിവാര്യമാണെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.
“നാം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ കാലത്ത് നിങ്ങൾ എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മാസ്റ്റർ തിയേറ്ററുകളിൽ ആഘോഷിക്കാനുള്ള ആവേശത്തിലാണ് നിങ്ങളെന്ന് മനസിലാക്കുന്നു. നിങ്ങളെ പോലെ ആ ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി കിംവദന്തികൾ പ്രചരിക്കുന്നതിനാൽ അതേക്കുറിച്ച് വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പ്രമുഖ ഒടിടി സേവന ദാതാവിൽ നിന്നും വലിയ ഓഫർ ലഭിച്ചിരുന്നു എങ്കിലും ഞങ്ങൾ തിയേറ്റർ റിലീസാണ് ഇഷ്ടപ്പെടുന്നത്. ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയേറ്റർ ഉടമകൾ ഞങ്ങളോടൊപ്പം നിൽക്കണമെന്നും പിന്തുണ നൽകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഒരു നല്ല വാർത്തയുമായി ഉടൻ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷിതമായി തുടരുക, ”എക്സ്ബി ഫിലിം ക്രിയേറ്റേഴ്സിന്റെ സേവ്യർ ബ്രിട്ടോ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാസ്റ്ററിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
#MasterPressRelease pic.twitter.com/qU0yCvXmQy
— Lokesh Kanagaraj (@Dir_Lokesh) November 28, 2020
ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പായിരുന്നു. മദ്യപാനിയായ ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് ടീസറിൽ വിജയുടെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. ക്യാമ്പസ് അധിഷ്ഠിത സിനിമകളിൽ, സാധാരണയായി, വിദ്യാർത്ഥികളാണ് അധ്യാപകർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത്. പക്ഷേ, സംവിധായകൻ ലോകേഷ് കനഗരാജ് അത് മാറ്റിപ്പിടിച്ചിരിക്കുകയാണ്. വിജയ് സേതുപതി വില്ലൻ വേഷത്തിലാണ്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങളും ടീസറിലുണ്ട്.
രണ്ട് ചിത്രങ്ങളാണ് ലോകേഷ് കനകരാജ് ഇതിന് മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്, മാനഗരവും കൈതിയും. വിജയ്, വിജയ് സേതുപതി എന്നിവർക്ക് പുറമെ മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More: യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി ദളപതി വിജയ്യുടെ ‘മാസ്റ്റർ’ ടീസർ