ഷെയ്ൻ നിഗം കരാർ ലംഘിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അല്ലാതെ തൊഴിൽ ചെയ്യുന്നതിൽനിന്ന് വിലക്കുകയല്ലെന്നും എഡിറ്ററും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബി.അജിത് കുമാർ. കുറേപേർ ചേർന്ന് ഒരാളെ വിലക്കുകയെന്നാൽ അത് ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമാണ്. ആൾക്കൂട്ടവിചാരണയാണ് ഷെയ്‌നിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ൻ നായകനായ ഈട എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ബി. അജിത് കുമാർ.
“ഷെയ്‌നിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് ഞാൻ കരുതുന്നില്ല. മറ്റുള്ളവരോട് എങ്ങനെയാണെന്ന് എനിക്ക് അറിഞ്ഞുകൂട. അന്നയും റസൂലും, കമ്മട്ടിപ്പാടം, കിസ്മത്ത്, ഈട എന്നീ ചിത്രങ്ങളിലാണ് ഷെയ്‌നിനോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ഈ സിനിമകളിലൊന്നും അയാൾ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. സമയത്തിന് വരാതിരിക്കുകയോ എന്തെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തിട്ടില്ല,” അജിത് കുമാർ പറഞ്ഞു.
“ഇപ്പോൾ ഉയരുന്ന പരാതികളുടെ പുറകിൽ മറ്റെന്തെങ്കിലും താൽപ്പര്യമായിരിക്കും. എനിക്ക് ഷെയ്‌നിനെക്കുറിച്ച് യാതൊരു പരാതിയും ഇല്ല. പിന്നെ അവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. ഞാൻ അയാളെ അങ്ങനെ കണ്ടിട്ടില്ല. കണ്ടിട്ടില്ലെന്ന് മാത്രമല്ല അവൻ അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല. ആ രീതിയിലുള്ള പെരുമാറ്റം ഷെയ്നിന്റെ ഭാഗത്തുനിന്ന് ഇതുവരെ കണ്ടിട്ടില്ല. പിന്നെ അതിനെക്കാൾ പ്രശ്നം, ഒരു വാർത്താസമ്മേളനം വിളിച്ചിട്ട് ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ സംസാരിക്കുമ്പോൾ അവരുടെ കയ്യിൽ എന്ത് തെളിവാണുള്ളത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്? ഇതൊക്കെ ആർക്കും ആരെക്കുറിച്ചും പറയാം. വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട് എന്നാകരുത്,” അജിത് കുമാർ പറഞ്ഞു.
Read More: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
ഭാവിയിൽ ഷെയ്‌നിനെ നായകനാക്കി ഒരു സിനിമ ചെയ്യേണ്ടി വന്നാൽ താൻ ചെയ്യുമെന്നും, എന്നാൽ ഇത്തരം വിലക്കുകളിലൂടെയും നിസ്സഹകരണങ്ങളിലൂടെയും നല്ല കലാകാരന്മാരെ ഇല്ലാതാക്കുന്നത് മലയാള സിനിമയ്ക്കാണ് ദോഷമെന്നും അജിത് കുമാർ പറഞ്ഞു.
“ഞാനങ്ങനെ സ്ഥിരമായി സിനിമയെടുക്കുന്ന ആളല്ല. പിന്നെ വിലക്കെന്നത് കുറേ പേർ ചേർന്ന് ഒരാളെ മാറ്റിനിർത്തുന്നതാണ്. വ്യത്യസ്ത നിലപാടുകളുടെ അടിസ്ഥാനത്തിൽനിന്നാണ് പലപ്പോഴും ഇതുണ്ടാകുന്നത്. ഇതിനു മുമ്പും പല അഭിനേതാക്കളെയും സംവിധായകരെയും വിലക്കിയിട്ടുണ്ട്. പക്ഷെ ഇത് വളരെ പ്രാകൃതമായ രീതിയാണ്. പഴയ ഫ്യൂഡൽ വ്യവസ്ഥിതിയെന്നോ പഞ്ചായത്ത് ചേർന്ന് ആളുകളെ വിധിക്കുന്ന പരിപാടി എന്നോ ഒക്കെ പറയാം. പിന്നെ ആൾക്കൂട്ട വിചാരണകൾക്കായി ആളുകളെ മാധ്യമങ്ങളിലൂടെ ഇട്ടുകൊടുക്കുക. പണവും അധികാരവുമൊക്കെയുള്ള ആളുകൾ തുടർന്നുവരുന്ന ഒരുരീതിയാണിത്. അതിന് യാതൊരു ധാർമികതയുമില്ല,” അജിത് കുമാർ പറഞ്ഞു
“ഷെയ്നിനെ വച്ച് സിനിമയെടുക്കേണ്ട കഥ എന്റെ മുന്നിലുണ്ടെങ്കിൽ ഞാനത് ചെയ്യും. കാരണം വിലക്ക് എന്നത് ധാർമികമായി ശരിയല്ല. തൊഴിലെടുക്കാനുള്ള ഒരാളുടെ മൗലികാവകാശമാണ്. ഷെയ്ൻ തന്നെ പറയുന്നുണ്ട് അയാൾക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴിലും അറിയില്ലെന്ന്. അപ്പോൾ അതിനെ വിലക്കിക്കഴിഞ്ഞാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ പോയി ഒരു വെള്ളക്കടലാസിൽ പരാതി എഴുതിക്കൊടുക്കണം. കലയെന്നതു മാത്രമല്ല, അഭിനയം ഒരു തൊഴിലുകൂടി ആണല്ലോ. ഷെയ്നിനെ വച്ച് എനിക്കൊരു കഥയെഴുതാം. പക്ഷെ അതിന് ക്യാമറാമാൻ വേണം, നിർമാതാക്കൾ വേണം. ഇതൊന്നും ഇല്ലാത്ത കാലത്തോളം ആ സിനിമ നടക്കില്ല. കാരണം എന്റെ കൈയിൽ പൈസയില്ല. അതുകൊണ്ട് ഇങ്ങനെ ഓരോരുത്തരെ വിലക്കിയാൽ അതിന്റെ നഷ്ടം മലയാള സിനിമാ വ്യവസായത്തിനാണ്. അയാൾ തെറ്റുചെയ്താൽ നിയമപരമായി നേരിടണം,” അജിത് കുമാർ വ്യക്തമാക്കി.