ലോക്ക്ഡൗണ്‍ ഇളവുകൾക്ക് പിന്നാലെ വിനോദ വ്യവസായ മേഖല ചിത്രീകരണം പുനരാരംഭിക്കുമ്പോൾ നടപ്പിലാക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി. 37 പേജുള്ള “പുതിയ വർക്കിങ് പ്രോട്ടോക്കോളി”ൽ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

1. ഓരോ ക്രൂ അംഗവും ചിത്രീകരണ സമയത്ത് ഉടനീളം മൂന്ന് ലെയറുളള മെഡിക്കൽ മാസ്കും കയ്യുറകളും ധരിക്കണം.

2. ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവയിലൂടെയുള്ള സ്നേഹപ്രകടനങ്ങൾ നടത്തരുത്, ശാരീരിക അകലം പാലിക്കുക.

3. സെറ്റുകൾ / ഓഫീസുകൾ / സ്റ്റുഡിയോകൾ എന്നിവിടങ്ങളിൽ സിഗരറ്റ് പങ്കുവയ്ക്കുന്നത് നിർത്തണം

4. സഹപ്രവർത്തകർ തമ്മിലുള്ള 2 മീറ്റർ ദൂരം നിലനിർത്തണം.

5. 60 വയസ്സിനു മുകളിലുള്ള ക്രൂ, കാസ്റ്റ് അംഗങ്ങളെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഒഴിവാക്കുക.

തുടങ്ങിയവയാണ് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള വീഡിയോ കോൺഫറൻസിന് രണ്ട് ദിവസത്തിന് ശേഷം പുറത്തിറക്കിയ ഈ രേഖയിൽ, പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ഷൂട്ടിങ്ങിന് 45 മിനിറ്റ് മുമ്പ് ക്രൂ, ആർട്ടിസ്റ്റുകൾ, മറ്റുള്ളവർ സെറ്റിൽ എത്തണമെന്ന് ആവശ്യപ്പെടുന്നു; ആളുകൾ‌ സാമൂഹിക അകലം പാലിക്കുന്നതിനായി ഫ്ലോർ‌ മാർ‌ക്കിങ്ങുകൾ‌ സൃഷ്‌ടിക്കണം; സ്റ്റാൻഡേർഡ് ബെഞ്ചുകളേക്കാൾ പോർട്ടബിൾ കസേരകൾക്ക് മുൻഗണന നൽകണം.

കുളിക്കാനുള്ള സാധ്യമായ ക്രമീകരണങ്ങളും നിർദേശങ്ങളിൽ ഉൾപ്പെടുന്നു; എടുത്തുകൊണ്ട് പോകാവുന്ന തരത്തിലുള്ള വാഷ് ബേസിനുകൾ നൽകണമെന്നും സെറ്റുകളിൽ സാനിറ്റൈസേഷൻ നടത്തണമെന്നും നിർദേശിക്കുന്നു.

മാർഗനിർദ്ദേശങ്ങളിലെ ഒരു പ്രധാന ഘടകം “ഹെയർ ആൻഡ് മേക്കപ്പ്” പ്രോട്ടോക്കോൾ ആണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്നതും, പിന്നീട് നശിപ്പിച്ചു കളയാവുന്നതുമായ ഇനങ്ങൾ ശുപാർശ ചെയ്യുന്നു; ഉപയോഗത്തിന് മുമ്പും ശേഷവും വിഗ് കഴുകി വൃത്തിയാക്കണം; സ്വന്തം മേക്കപ്പ് സാധനങ്ങൾ മാത്രം ഉപയോഗിക്കുക; കൂടാതെ, ഏറ്റവും പ്രധാനമായി, മാസ്‌കിനുപകരം ഫെയ്‌സ് ഷീൽഡ് ഉപയോഗിക്കുക. ഇതുകൂടാതെ, ഹെയർ, മേക്കപ്പ് സഹായികൾ മാസ്കുകളും കയ്യുറകളും ധരിക്കും, ഇത് ചിത്രീകരണ സമയത്ത് ഉടനീളം ബാധകമാണ്.

ഗിൽഡ് ഈ മാർഗനിർ‌ദ്ദേശങ്ങൾ‌ പരസ്യമാക്കിയിട്ടുണ്ടെങ്കിലും, മറ്റ് ചില ചലച്ചിത്ര സംഘടനകൾ‌ അവരുടെ സ്വന്തം പ്രവർത്തന നടപടിക്രമങ്ങൾ‌ (സ്റ്റാൻ‌ഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം) സർക്കാരിന് സമർപ്പിച്ചു. മറ്റുചിലർ ഇവ തയ്യാറാക്കുകയാണ്.

ഫിലിം, ടെലിവിഷൻ ചിത്രീകരണം നിർത്തിയിട്ട് രണ്ട് മാസത്തിലേറെയായി. “നിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കാം, ശരിയായ മുൻകരുതലുകൾ ഉപയോഗിച്ച് ഉത്തരവാദിത്തത്തോടെ എങ്ങനെ സമീപിക്കാം എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക,” ഇന്ത്യൻ ഫിലിം ആൻഡ് ടിവി പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലെ (ഐ‌എഫ്‌ടി‌പി‌സി) നിതിൻ വൈദ്യ പറഞ്ഞു.

Read in English: No hugs & kisses, masks, gloves for all: Film, TV shoot guidelines

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook