വളരെ ചെറിയ കാലയളവുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇടയില് വലിയ സ്വീകാര്യത നേടിയ നടനാണ് അജു വര്ഗീസ്. മലയാളത്തിൽ നൂറിലധികം ചിത്രങ്ങൾ പൂർത്തിയാക്കിയ അജു, തന്നെ കുറിച്ചു വന്ന ഒരു ട്രോളിന് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘വിനീത് ശ്രീനിവാസൻ നിവിൻ പോളിയെ വെച്ച് സിനിമ ചെയ്യുമ്പോൾ ചാൻസ് ചോദിച്ചു ചെന്നിരുന്ന അജു ഇപ്പോൾ ബേസിൽ ടൊവിനോയെ വെച്ച് ചെയ്യുന്ന ചിത്രങ്ങളിൽ ചാൻസ് ചോദിച്ചു ചെല്ലുന്നു’ എന്ന അർത്ഥത്തിലുള്ള ട്രോളിനാണ് അജു മറുപടി നൽകിയിരിക്കുന്നത്. “ചാൻസ് ചോദിക്കാൻ ഒരു മടിയുമില്ല” എന്നാണ് ട്രോൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു അജു കുറിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് അജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നേരത്തെ ടൊവിനോയെ നായകനാക്കി ബേസിൽ തന്നെ സംവിധാനം ചെയ്ത ‘ഗോദ’യിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. നേരത്തെ വിനീത് ശ്രീനിവസാൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അജു അതിനു ശേഷം വിനീത് സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രോൾ.
Also Read: പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി, രണ്ടാം ഭാഗം ഉടനെയെന്ന സൂചന നൽകി ടൊവിനോ; വീഡിയോ
നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലും ചാൻസ് ചോദിക്കുന്നതിനു യാതൊരു മടിയുമില്ലെന്ന് അജു പറഞ്ഞിരുന്നു. “സത്യൻ അന്തിക്കാട്, ലാൽ ജോസ് എന്നിവരോട് 8 വർഷമായി ഞാൻ ചാൻസ് ചോദിക്കുന്നു. അവർ മനഃപൂർവം എനിക്ക് റോൾ തരാത്തത് അല്ല. എനിക്ക് പറ്റിയ റോളുകൾ ഇല്ലാത്തതു കൊണ്ടാണ്. എന്നു പറഞ്ഞ് ഞാൻ ചാൻസ് ചോദിക്കുന്നത് നിർത്തില്ല, ഇനിയും തുടരും.
അൻവർ റഷീദ്, ആഷിഖ് അബു എന്നിവരോടൊക്കെ ചാൻസ് ചോദിച്ചിട്ടുണ്ട്. ചാൻസ് ചോദിക്കുന്നതിൽ എനിക്ക് മടിയില്ല. ഞാൻ അവരുടെ വീട്ടിൽ പോയി കാശു തരുമോ എന്നല്ല ചോദിക്കുന്നത്, അവരുടെ കൂടെ ജോലി ചെയ്യാൻ ഒരു അവസരം തരൂവെന്നാണ്. ഇതിഹാസ നടന്മാരിൽ ഒരാളായ മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട്, സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യം. അങ്ങനെയെങ്കിൽ എല്ലാ ദിവസവും ചാൻസ് ചോദിച്ചിരിക്കണം.” എന്നാണ് അജു അന്ന് പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘മിന്നൽ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, സ്നേഹ ബാബു, ഫെമിന ജോർജ്, ഷെല്ലി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.