കൊച്ചി: ചലച്ചിത്ര സംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. ‘നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്’ മനോരമാ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

അതേസമയം, ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ല. നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ‘അമ്മ’യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ദിലീപിന്റെ അറസ്റ്റിന് ഏതാനും ദിവസം മുന്‍പ് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുന്നതില്‍ നിഷേധാത്മക നിലപാടാണ് ‘അമ്മ’ സ്വീകരിച്ചതെങ്കില്‍ അറസ്റ്റിന് തൊട്ടു പിറ്റേന്ന് മുഖം രക്ഷിക്കാന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറായി ഭാരവാഹികള്‍.

ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ‘അമ്മ’യുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. അക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന ‘അമ്മ’യുടെ മുന്‍നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.


കടപ്പാട്: മനോരമാ ന്യൂസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook