ഇളയദളപതി വിജയ്‌യുടെ മെര്‍സല്‍ എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിന് കത്രിക വയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. തീരുമാനം സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിയുടേതാണ്. അദിരിന്ദി എന്ന പേരിലാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുന്നത്.

മെർസലിന്റെ തെലുങ്ക് പതിപ്പ് ഇന്നലെ പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. ചിത്രം പുറത്തിറങ്ങാൻ വൈകിയതിന്റെ പേരിൽ സെൻസർ ബോർഡിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും തമിഴിൽ അനുമതി ലഭിച്ചതു പോലെ മെർസലിനു തെലുങ്കിലും അനുമതി ലഭിക്കുമെന്നും പ്രസൂൺ ജോഷി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ദീപാവലിക്ക് പുറത്തിറങ്ങിയ ചിത്രത്തില്‍ രാജ്യത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെക്കുറിച്ചും വിമര്‍ശനങ്ങളും തെറ്റായ വിവരങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. റിലീസ് ദിവസം മുതല്‍ ജിഎസ്ടിയെക്കുറിച്ചുള്ള നായകന്റെ ഡയലോഗിന്റെ പേരില്‍ വിവാദത്തിലാണ് ചിത്രം.

കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജനാണ്. പിന്നീട് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ വിജയ്‌യെ ജോസഫ് വിജയ് എന്ന് വിശേഷിപ്പിച്ച് പ്രശ്‌നത്തിന് വര്‍ഗീയ നിറം പകരുകയും ചെയ്തു. ഇതിനു പിറകേയാണ് ചിത്രത്തെ നിയമക്കുരുക്കില്‍ പെടുത്താനുള്ള ശ്രമമുണ്ടായത്.

ചിത്രത്തെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയും വിധി പറഞ്ഞിരുന്നു. മെർസൽ ഒരു സിനിമ മാത്രമാണ്, ജീവിതമല്ലെന്ന് പറഞ്ഞ കോടതി അഭിപ്രായ സ്വതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു.

മെര്‍സല്‍ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാവ് എച്ച്.രാജയെ പരസ്യമായി വിമര്‍ശിച്ച നടന്‍ വിശാലിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടിയും വലിയ വാര്‍ത്തായിരുന്നു. വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് സംഘം റെയ്ഡ് നടത്തിരുന്നു. ടെലിവിഷന്‍ പരിപാടിയില്‍ മെര്‍സല്‍ വ്യാജ പതിപ്പു കണ്ടെന്നു പറഞ്ഞ ബിജെപി നേതാവിന് നാണമില്ലേ എന്നു ചോദിച്ച് വിശാല്‍ പ്രസ്താവന ഇറക്കിയതായിരുന്നു ഇതിന് കാരണം.

റിലീസിനു മുമ്പു മുതലേ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളുണ്ടായിരുന്നു. മെർസൽ എന്ന പേരിനു മുകളിൽ ആരംഭിച്ച വിവാദങ്ങൾ പിന്നീട് കൂടുതൽ സങ്കീർണമാകുകയായിരുന്നു. നിലവില്‍ തമിഴ്നാട്ടില്‍ കബാലിയുടേയും വിവേഗത്തിന്റേയും റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിട്ടുണ്ട്. ചിത്രം 200 കോടിയും കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അമേരിക്കയില്‍ വിവേഗത്തിന്റെ റെക്കോര്‍ഡും ചിത്രം പിന്നിലാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ