ചെന്നൈ: പുതിയ രാഷ്ട്രീയ കക്ഷിയെ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ പ്രചാരം തുടങ്ങിയ കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവിതപങ്കാളിയും നടിയും കോസ്റ്റ്യൂം ഡിസൈനറുമായ ഗൗതമി. കമൽഹാസനുമായി ഗൗതമിക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇത് നിഷേധിച്ച് ഗൗതമി രംഗത്ത് വന്നത്.

“ഈ വാർത്തകൾ തെറ്റാണ്. എനിക്ക് വ്യക്തിപരമായോ ഔദ്യോഗികമായോ യാതൊരു ബന്ധവും കമൽഹാസനുമായി ഇല്ല. അവയെല്ലാം 2016 ഒക്ടോബറിൽ അവസാനിച്ചതാണ്. ഞാനും എന്റെ മകളും സ്വയം അദ്ധ്വാനിച്ചാണ് ജീവിക്കുന്നത്. അത്യന്തം സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഏറ്റവും സ്വതന്ത്രമായി ശ്വസിക്കാനും ആശങ്കകളില്ലാതെ ജീവിക്കാനും സാധിക്കുന്ന നിലയിലാണ് ഞങ്ങളുളളത്”, ഗൗതമി തന്റെ ബ്ലോഗിൽ കുറിച്ചു.

കമൽഹാസൻ സ്ഥാപിച്ചതും അദ്ദേഹം നേതൃത്വം നൽകുന്നതുമായ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിനെതിരെ സാമ്പത്തിക ആരോപണങ്ങളാണ് ഗൗതമി ഉന്നയിച്ചിരിക്കുന്നത്. കമൽഹാസന്റെ മൂന്നാമത്തെ ഭാര്യയാണ് ഗൗതമി.

കമൽഹാസനുമായി ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് പുറത്തിറങ്ങിയ വിശ്വരൂപം, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രതിഫലം ലഭിക്കാനുണ്ടെന്ന് ഗൗതമി പറഞ്ഞു. “13 വർഷത്തെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയിൽ കോസ്റ്റ്യൂം ഡിസൈനറായി ഞാൻ പ്രവർത്തിച്ചത് രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും കമൽഹാസൻ മറ്റ് നിർമ്മാതാക്കൾക്ക് വേണ്ടി അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയും മാത്രമാണ്. ഇതാണ് എന്റെ പ്രാഥമിക വരുമാന സ്രോതസ്. മറ്റുളളവരുടെ ചിത്രങ്ങളിൽ കോസ്റ്റ്യൂം രൂപകൽപ്പന ചെയ്യുന്നതും അഭിനയിക്കുന്നതും ഈ കാലഘട്ടത്തിൽ നിരുത്സാഹപ്പെടുത്തി. ഇതിന് പുറമേ 2016 ഒക്ടോബറിന് ശേഷവും വിശ്വരൂപം, ദശാവതാരം ചിത്രങ്ങളിലെ പ്രതിഫലം എനിക്ക് നൽകിയില്ലെന്ന് പറയാൻ വളരെ ദുഃഖമുണ്ട്”, ഗൗതമി, കമൽഹാസനെതിരെ ഒളിയമ്പെയ്തു.

പല തവണ പ്രതിഫലത്തിന് വേണ്ടി രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിനെ സമീപിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. “എനിക്കിത് പറയാൻ വളരെയധികം മനോവിഷമം ഉണ്ട്. എങ്കിലും പറയാതിരിക്കാൻ സാധിക്കില്ല. വേതന ഇനത്തിൽ എനിക്ക് ലഭിക്കേണ്ട പണത്തിന്റെ നല്ലൊരു ഭാഗം രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ ഇനിയും നൽകാനുണ്ട്”, ഗൗതമി കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടിൽ അഴിമതി വിരുദ്ധ ഭരണം ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്ക് തുടക്കമിട്ടിരിക്കുകയാണ് കമൽഹാസൻ. മക്കൾ നീതി മയ്യം എന്നാണ് രാഷ്ട്രീയ കക്ഷിയുടെ പേര്. ജനപിന്തുണ ആർജ്ജിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടുക്ക് പര്യടനം തുടരുകയാണ് കമൽഹാസൻ ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook