മലയാളത്തിനു പുറമെ ഇതരഭാഷാ സിനിമകളിലും തങ്ങളുടെ സാന്നിധ്യവും പ്രതിഭയും തെളിയിക്കുകയാണ് മലയാളത്തിന്റെ യുവതാരങ്ങളായ ദുൽഖർ സൽമാനും ഫഹദ്  ഫാസിലും നിവിൻ പോളിയുമെല്ലാം. തമിഴകത്തും ബോളിവുഡിലുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു ഈ യുവനടന്മാർ. എന്നാൽ ബാംഗ്ലൂർ ഡേയ്സിലെ തന്റെ സഹതാരങ്ങളുമായി യാതൊരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് തുറന്നു പറയുകയാണ് നിവിൻ പോളി.

“ഞങ്ങൾക്കിയിൽ മത്സരമില്ല. ഞങ്ങൾക്ക് നല്ലതെന്നു തോന്നുന്ന ചിത്രങ്ങൾ ഞങ്ങൾ ചെയ്യുന്നു,” ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസം ദുൽഖറിനും തിരക്കഥാകൃത്തും സംവിധായകനുമായ ഫാസിലിന്റെ മേൽവിലാസം ഫഹദിനുമുള്ളപ്പോൾ യാതൊരുവിധത്തിലുള്ള സിനിമാപശ്ചാത്തലവുമില്ലാത്ത നടനാണ് നിവിൻ പോളി.

“സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരൽപ്പം കൂടുതൽ കഷ്ടപ്പാടുണ്ട്. സിനിമയുമായി ബന്ധമുള്ള അവർക്കൊക്കെ ധാരാളം പരിചയങ്ങൾ ഉള്ളതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്,” നിവിൻ കൂട്ടിച്ചേർക്കുന്നു.

മലയാളത്തിലിതുവരെ ഇറങ്ങിയ ഏറ്റവും വലിയ ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ വിജയാഘോഷത്തിലാണ് നിവിൻ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേൽ’ ആണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞ ആഴ്ച ‘മിഖായേലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിവിൻ റിലീസ് ചെയ്തിരുന്നു.

“ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്, ഒപ്പം ആ കുടുംബത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും. ‘മിഖായേൽ’ ഒരു ഫാമിലി ത്രില്ലർ ചിത്രമാണ്,” പുതിയ ചിത്രത്തിന്റെ വിശേഷവും നിവിൻ പങ്കുവെച്ചു. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേൽ’. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read more: ഇത് വരെ കണ്ടതല്ല, ഇനിയാണ് മാസ്; ‘മിഖയേലിൽ’ സ്റ്റൈലിഷ് ലുക്കിൽ നിവിൻ

‘ഗാർഡിയൻ ഏയ്ഞ്ചൽ’ എന്ന ടാഗ് ലൈനോടെയാണ് ‘മിഖായേൽ’ അവതരിപ്പിക്കപ്പെടുന്നത്. ഉണ്ണി മുകുന്ദൻ, ദേശീയ അവാർഡ് ജേതാവായ ജെഡി ചക്രവർത്തി, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മിഖായേലിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കരാണ്. ഗോപി സുന്ദറാണ് സംഗീതസംവിധായകൻ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ