ബോളിവുഡിന്റെ ഒരു കാലത്തെ പ്രിയനടിമാരിൽ ഒരാളായിരുന്നു ബബിത കപൂർ. താരസഹോദരിമാരായ കരിഷ്മയുടെയും കരീനയുടെയും അമ്മ. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് കരീനയും കരിഷ്മയും പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. “നിങ്ങളോളം സുന്ദരി മറ്റാരുമില്ല’ എന്നാണ് കരീന കുറിക്കുന്നത്.
അമ്മയ്ക്ക് ഒപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കരിഷ്മയുടെ ആശംസ. നീ സഹസ്രാബ്ദത്തോളം ജീവിക്കുക അതാണെന്റെ ആഗ്രഹം എന്നാണ് കരിഷ്മ കുറിക്കുന്നത്.
ബബിത കപൂറിന്റെ 75-ാം ജന്മദിനമാണ് ഇന്ന്. നടൻ ഹരി ശിവ്ദാസനിയുടെ മകളായ ബബിത ഡ്രാമ ദസ് ലാക്ക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1966 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ റാസ്, ഫർസ്, ഹസീന മാൻ ജായേഗി, കിസ്മത്ത്, ഏക് ശ്രീമാൻ ഏക് ശ്രീമതി, ഡോളി, കബ്? ക്യോൻ? ഔർ കഹാൻ? കൽ ആജ് ഔർ കൽ, ബാൻഫൂൽ എന്നിങ്ങനെയുള്ള പത്തൊൻപതോളം വിജയസിനിമകളിൽ നായികയായി അഭിനയിച്ചു.
1971ൽ നടൻ രൺധീർ കപൂറിനെ വിവാഹം ചെയ്തു. വിവാഹ ശേഷം ജീത്, ഏക് ഹസീന ദോ ദിവാനെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ തുടർന്നെത്തിയ സോനെ കെ ഹാത്ത് പരാജയപ്പെട്ടതോടെ ബബിത സിനിമാ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കൽ ആജ് ഔർ കൽ എന്ന സിനിമയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് രൺധീർ കപൂറും ബബിതയും പ്രണയത്തിലാവുന്നത്. 1971 നവംബർ ആറിന് ഇരുവരും വിവാഹിതരായി. 1980കളിൽ രൺധീറിന് സിനിമകൾ കുറയാൻ തുടങ്ങിയതും കരിയറിലുണ്ടായ പ്രശ്നങ്ങളും ഇരുവരുടെയും വിവാഹജീവിതത്തെയും ബാധിച്ചു.
പ്രശ്നങ്ങൾ വഷളായതോടെ ഇരുവരും വർഷങ്ങളോളം ഇരുവീടുകളിൽ താമസിച്ചു. നിയമപരമായ വേർപ്പിരിയലിന് അപ്പോഴും ബബിതയും രൺധീറും ഒരുക്കമായിരുന്നില്ല. വർഷങ്ങളോളം വേർപിരിഞ്ഞ് കഴിഞ്ഞ രൺധീർ-ബബിത ദമ്പതികൾ 2007ൽ വീണ്ടും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചു.