ഫാസിലിന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിലെ കുസൃതികുടുക്കകളായി എത്തിയ സുധിയേയും അനുവിനെയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ.
27 വർഷങ്ങൾക്കിപ്പുറം ഓൺസ്ക്രീനിലെ പപ്പയെ നേരിൽ കണ്ട് സമയം ചെലവഴിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ശരത്. “27 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതിൽ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക!,” ശരത് കുറിക്കുന്നു.
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ മാത്രമല്ല, ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോൾ മോഡലിംഗിലും സജീവമാണ്. ഏതാനും പരസ്യചിത്രങ്ങളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ശരതിന്റെ സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താൽപ്പര്യമുള്ള ശരത് ‘ബനോഫീ പൈ’ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.