‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും അഭിഭാഷകനുമായ പി ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരാവുകയാണ് ഇന്ന്. വിവാഹദിനത്തിൽ ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“പ്രിയപ്പെട്ടവരെ ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ ഓഫീസിലേക്ക് പുറപ്പെടുകയാണ് ഞങ്ങൾ, മക്കളോടൊപ്പം,” ചിത്രം ഷെയർ ചെയ്ത് ഷുക്കൂർ കുറിച്ചു.
ഈ വനിതാ ദിനത്തിൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തികൊണ്ടുള്ള ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.
1994 ഒക്ടോബര്‍ 6നായിരുന്നു ഷുക്കൂറിന്റെയും ഷീനയുടെയും വിവാഹം. ഇരുവർക്കും മൂന്നു പെൺകുട്ടികളാണുള്ളത്. The Muslim Personal Law (Shariat)Application Act പ്രകാരം തങ്ങളുടെ മരണ ശേഷം മക്കൾക്കു സ്വത്തിന്റെ പൂർണ അവകാശം ലഭിക്കില്ലെന്ന് മനസ്സിലാക്കിയാണ് ഷുക്കൂർ ഈ തീരുമാനത്തിലെത്തിയത്. ഈ നിയമ പ്രകാരം സഹോദരങ്ങൾക്കും സ്വത്തിൽ അവകാശമുണ്ടാകും.
“2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്.”
“സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു. നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്. സമത്വം സകല മേഖലകളിലും പരക്കട്ടെ. എല്ലാവര്‍ക്കും നന്മയും സ്‌നേഹവും നേരുന്നു.എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.” ഷുക്കൂർ കുറിച്ചതിങ്ങനെ.