കേരളത്തിലെ ട്രാന്‍സ്­ജെൻഡര്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവത്കരിക്കുന്ന മനോഹരമായ സിനിമാനുഭവമാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്‌ത ‘ഞാന്‍ മേരിക്കുട്ടി’. രാത്രികാലത്ത് ആണ്‍തുണയില്ലാതെ സഞ്ചരിക്കുന്ന/താമസിക്കുന്ന ഏത് സ്ത്രീയെയും  സംശയ ദൃഷ്‌ടിയോടെ മാത്രം വീക്ഷിക്കുന്നവരാണ് പൊലീസ് ഉള്‍പ്പെടെയുള്ള  നമ്മുടെ പൊതുസമൂഹം. എന്നാല്‍ കുടുംബത്തില്‍ നിന്ന് അകന്ന് ആണ്‍തുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ട്രാ­ൻസ്ജെൻഡര്‍ വ്യക്തികള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കുകയും താമസിക്കുകയും ഒക്കെ ചെയ്യുകയല്ലാതെ വേറെ വഴിയില്ല എന്നതാണ് സത്യം.

ഈയടുത്ത കാലത്ത് കേരള പൊലീസില്‍ നിന്ന് ട്രാന്‍സ് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മേലുദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടി വരുന്നതിന്‍റെ  ചൊരുക്ക് പൊതുജനങ്ങളുടെ മേല്‍ കുതിരകയറി തീര്‍ക്കുകയാണോ എന്ന് പോലും സമീപകാലത്തുണ്ടായ ക്രൂരമായ  കസ്റ്റഡി മര്‍ദ്ദനങ്ങളും മരണങ്ങളും സംശയിപ്പിക്കുന്നുണ്ട്.   അതിനാല്‍ തന്നെ സമകാലിക സംഭവങ്ങള്‍ക്ക്  നേരെ പിടിക്കുന്ന കണ്ണാടിയായി മാറുന്നുണ്ട് ഈ സിനിമ.

 

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്­ജെൻഡര്‍ പൊലീസ് ഓഫീസറായ പ്രീതിക യാഷിനി എന്ന തമിഴ് യുവതിയുടെ ജീവിതകഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് എസ്ഐ ആയി തീരാന്‍ വേണ്ടി മേരിക്കുട്ടിക്ക് നടത്തേണ്ടി വരുന്ന പോരാട്ടങ്ങള്‍.

ട്രാന്‍സ്  യുവതികളുടെ തൊഴിലവസരങ്ങള്‍ സാധാരണയായി ഫാഷന്‍, സിനിമ, നൃത്തം തുടങ്ങിയ മേഖലകളില്‍ ഒതുങ്ങിപ്പോകാറുണ്ട്. അതിനാല്‍ തന്നെ തങ്ങളെ ഏറ്റവുമധികം പീഡിപ്പിക്കുന്ന പെലീസ് സേനയുടെ ഭാഗമായി മാറി, വ്യവസ്ഥിതിക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ അതിനെ സമൂലമായി പരിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന കൃത്യമായ സന്ദേശമാണ് സിനിമ നല്‍കുന്നത്. വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത തൊഴില്‍ നല്‍കുന്ന പദവിയും സാമ്പത്തിക സ്വാശ്രയത്വവും മേരിക്കുട്ടിയെ  സ്വന്തം കുടുംബത്തിന്‍റെ അംഗീകാരം നേടിയെടുക്കുന്നതിലും  സഹായിക്കുന്നുണ്ട്.  തിരിച്ചറിയല്‍ രേഖകളിലെ പേര്‍, ജന്‍റര്‍ എന്നിവയിലെ പൊരുത്തക്കേടുകള്‍ വരുത്തുന്ന പ്രശ്‌നങ്ങളും രേഖകളില്‍ അത്  മാറ്റാന്‍ വേണ്ടി പല ട്രാന്‍സ് സുഹൃത്തുക്കളും കടന്നു പോയ ചുവപ്പ്നാടയുടെ കുരുക്കുകളും സിനിമ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.

വായിക്കാം: ഞാന്‍ മേരിക്കുട്ടി, മാറ്റത്തിന്റെ വിരലടയാളം

prithika yashini - facebook photo

പ്രീതിക യാഷിനി, ചിത്രം. ഫെയ്സ്ബുക്ക്‌

ഷാജി പാപ്പനെപ്പോലുള്ള  ജനകീയ പൗരുഷത്തെ (Mass Masculinity) അവതരിപ്പിച്ച  തന്‍റെ ശരീരപ്രകൃതിയെ സൂക്ഷ്‌മമായ അഭിനയ മികവിലൂടെ മറി കടക്കുന്ന ജയസൂര്യ എന്ന നടനെയാണ് മേരിക്കുട്ടിയില്‍ കാണുന്നത്.

‘Gender Performativity’ എന്ന ജൂഡിത് ബട്‌ലറുടെ ആശയത്തെ ഉദാഹരീകരിക്കുന്നതാണ് ജയസൂര്യയുടെ ഷാജി പാപ്പന്‍‌, മേരിക്കുട്ടി എന്നീ തികച്ചും വ്യത്യസ്‌തമായ പ്രകടനങ്ങള്‍. അതു പോലെ തന്നെ എടുത്ത് പറയേണ്ടതാണ് പൊലീസ് വില്ലനായി വേഷമിട്ട ജോജു ജോര്‍ജിന്‍റെ വിഷമയ പൗരുഷത്തിന്‍റെ (Toxic Masculinity) അവതരണം. ‘ഉദാഹരണം സുജാത’യിലെ കണക്ക് മാഷുടെ കാരിക്കേച്ചര്‍ പ്രകടനത്തിലൂടെ തന്‍റെ അഭിനയപ്രതിഭ തെളിയിച്ച നടനാണ്‌ ജോജു.

‘മോളിയാന്‍റി റോക്‌സ്’ എന്ന ചിത്രത്തിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ആവിഷ്‌കരിച്ച രഞ്ജിത്ത് ശങ്കറിന്‍റെ കൈകളില്‍ മേരിക്കുട്ടിയും സുരക്ഷിതയായത് യാദൃശ്ചികമല്ല. ‘രാമന്‍റെ ഏദന്‍തോട്ടം’ എന്ന സിനിമയും  രഞ്ജിത് ശങ്കറിന്‍റെ സ്ത്രീപക്ഷ വീക്ഷണങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ട്രാന്‍സ് സ്ത്രീകളും സ്ത്രീകള്‍ തന്നെയാണ് എന്ന ശരിയായ കാഴ്‌ചപ്പാടുള്ള  സംവിധായകനെ സിനിമയിലുടനീളം കാണാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ‘ചാന്തുപൊട്ട്’ എന്ന സിനിമയിലൂടെ ലാല്‍ ജോസും ദിലീപും ചേര്‍ന്ന് കേരള സമൂഹത്തില്‍ ഉണ്ടാക്കിയെടുത്ത ട്രാന്‍സ് ­വിരുദ്ധതയെ നിര്‍വീര്യമാക്കുന്ന ഒരു ചിത്രമായി ‘ഞാന്‍ മേരിക്കുട്ടി’യെ അടയാളപ്പെടുത്താവുന്നതാണ്.

‘ചാന്തുപൊട്ടി’ലെ തമാശകള്‍ ഞാനും ആസ്വദിച്ചിട്ടുണ്ട്.  എന്നാല്‍ ചില ആണ്‍കുട്ടികളിലെ സ്ത്രൈണത വളര്‍ത്തുദോഷത്തിലൂടെ ഉണ്ടാകുന്നതാണെന്നും ഒരു പെണ്ണിനെ ‘ബോധപൂര്‍വ്വം പ്രേമിച്ച്’ വിവാഹം കഴിക്കുന്നതിലൂടെ അത് മാറ്റിയെടുക്കാമെന്നുമുള്ള തെറ്റായ പൊതുബോധസൃഷ്‌ടിയാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രശ്‌നം. ട്രാന്‍സ് സ്ത്രീകളുടെ പ്രശ്‌നങ്ങളെ നല്ല രീതിയില്‍ ചിത്രീകരിച്ച ‘അര്‍ദ്ധനാരി’, ‘ഓടും രാജ ആടും റാണി’, ‘ആളൊരുക്കം’ എന്നീ ചിത്രങ്ങളെ ഇത്തരുണത്തില്‍ ഓര്‍ക്കാം. എന്നാല്‍ അവയ്ക്കെല്ലാം ഒരുപടി മുകളില്‍ തന്നെയാണ് മേരിക്കുട്ടിയുടെ സ്ഥാനം

 

ട്രാന്‍സ്­ജെൻഡര്‍ വിഷയത്തില്‍  എറെ ഗവേഷണം നടത്തിയും യഥാര്‍ത്ഥ ട്രാന്‍സ്­ജെൻഡര്‍/ട്രാന്‍സ്­സെക്ഷ്വല്‍ വ്യക്തികളെ അഭിമുഖം ചെയ്‌തുമൊക്കെയാണ്‌ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയതെങ്കിലും  സംഭാഷണത്തില്‍ രണ്ട് സ്ഥലത്ത്  Sexuality,  Sexual Identity എന്നീ പദങ്ങള്‍ തെറ്റായി ഉപയോഗിച്ചത് കല്ലുകടിയായി മാറിയെന്നു ചൂണ്ടിക്കാണിക്കട്ടെ. Sex എന്ന വാക്കിന് ഇംഗ്ലീഷില്‍ രണ്ട് വ്യത്യസ്‌തമായ അര്‍ത്ഥങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് ലൈംഗിക കേളി എന്ന അര്‍ത്ഥം വരുന്ന ‘രതി’ എന്നതാണ്. രണ്ടാമത്തേത് അപേക്ഷാ ഫോറങ്ങളില്‍ കാണുന്ന Male അല്ലെങ്കില്‍ Female (അപൂര്‍വ്വം ആളുകളില്‍  Intersex) എന്ന ശാരീരിക ലിംഗാവസ്ഥയെ സൂചിപ്പിക്കുന്നതാണ്.

ജന്മനായുള്ള ശാരീരിക ലിംഗത്തില്‍ നിന്നും വ്യത്യസ്‌തമായ മാനസികമായ ലിംഗത്വം (ജന്‍റര്‍) അനുഭവപ്പെടുന്നവരാണ് ട്രാന്‍സ്­ജെൻഡര്‍ വ്യക്തികള്‍.

ശസ്ത്രക്രിയ, ഹോര്‍മോണ്‍ തെറാപ്പി എന്നിവയിലൂടെ തങ്ങളുടെ ശാരീരിക ലിംഗാവസ്ഥയെ മാനസികമായ ജന്‍ററിന് അനുയോജ്യമായി മാറ്റിയെടുത്ത/മാറ്റിയെടുക്കാനാഗ്രഹിക്കുന്ന ട്രാന്‍സ്­ജെൻഡര്‍ വ്യക്തിയെ ട്രാന്‍സ്­സെക്ഷ്വല്‍ എന്ന് വിളിക്കുന്നു. മേരിക്കുട്ടി ഒരു ട്രാന്‍സ്­സെക്ഷ്വല്‍ സ്ത്രീയാണ്. ട്രാന്‍സ്­സെക്ഷ്വല്‍ എന്ന വാക്കിലെ Sex ശാരീരികമായ ലിംഗാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ Sexuality,  Sexual Identity എന്നീ പദങ്ങളിലെ ‘Sex’ ലൈംഗികകേളിയെ സൂചിപ്പിക്കുന്നതാണ്. ഒരു വ്യക്തിയുടെ ലൈംഗികതാല്‍പര്യം, പ്രണയം എന്നിവ ഭിന്നവര്‍ഗത്തോട് (Heterosexual ), സ്വവര്‍ഗത്തോട് (Homosexual), അല്ലെങ്കില്‍ ആണിനോടും പെണ്ണിനോടും (Bisexual ) എന്നൊക്കെ സൂചിപ്പിക്കുന്ന വാക്കുകളാണ് ഇവ. LGBTI (Lesbian-Gay-Bisexual-Transgender-Intersex) എന്ന  ലൈംഗിക-ലിംഗത്വന്യൂനപക്ഷവിഭാഗത്തിലെ ഗേ പുരുഷന്മാര്‍, ലെസ്ബിയന്‍ സ്ത്രീകള്‍, ബൈസെക്ഷ്വല്‍ ആളുകള്‍ എന്നിവരാണ് ഭൂരിപക്ഷത്തില്‍ നിന്ന് വ്യത്യസ്‌തമായ Sexuality (ലൈംഗികത)  അനുഭവപ്പെടുന്നവര്‍. ജന്മനായുള്ള ലിംഗാവസ്ഥയില്‍ നിന്ന് യാതൊരു മാറ്റവും ആഗ്രഹിക്കാത്തവരാണ് LGB ആളുകള്‍.  മേരിക്കുട്ടിയുടെ വ്യത്യാസം Gender, Gender Identity എന്നിവയുമായി ബന്ധപ്പെട്ടതാണ്; Sexuality,  Sexual Identity എന്നിവയുമായി അല്ല.

‘രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ – മലയാളി ഗേയുടെ
ആത്മകഥയും എഴുത്തുകളും’
എന്ന പുസ്‌തകത്തിന്‍റെ രചയിതാവാണ് ലേഖകന്‍.
തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ലൈംഗിക-ലിംഗത്വന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള
ഔദ്യോഗിക കൈപ്പുസ്‌തകം ‘സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ്  സ്റ്റഡീസ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ