രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഞാന്‍ മേരിക്കുട്ടിയുടെ’ റിലീസിന്റെ സന്തോഷത്തില്‍ ആണ് മലയാളികളുടെ പ്രിയ താരമായ ജയസൂര്യ. കുഞ്ചാക്കോ ബോബനും ജയസൂര്യയും പരസ്‌പരം ചുംബിക്കുന്ന ചിത്രം ആണ് ഇതില്‍ ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്. പരസ്‌പരം ചുംബിക്കാന്‍ ശ്രമിക്കുന്ന ചിത്രത്തില്‍ ഇരുവരോടുമൊപ്പം സിദ്ധാർത്ഥ് ശിവയുമുണ്ട്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിനുശേഷം രഞ്ജിത്-ജയസൂര്യ കൂട്ടുകെട്ടു ഒന്നിക്കുന്ന ചിത്രമാണ്‌ ‘ഞാന്‍ മേരിക്കുട്ടി’. സ്വന്തം കഥാപാത്രത്തിന് വേണ്ടി ഏതറ്റവും പോകുന്ന ജയസൂര്യ വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. ജൂണ്‍ 15നു റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ട്രാൻസ്ജെൻഡർ ജനവിഭാഗത്തിന്റെ ജീവിത കഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ടീസറിനു നേരത്തെതന്നെ വലിയ സ്വീകരണം ലഭിച്ചിരുന്നു.

ഡ്രീംസ്‌ ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ സിനിമാസ് ആണ് ചിത്രത്തിന്‍റെ വിതരണം. ജയസൂര്യയോടൊപ്പം ജുവല്‍ മേരി, ഇന്നസെന്‍റ്, അജു വര്‍ഗീസ് എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ