നിവിന്‍ പോളി മീശ പിരിക്കണം… ആലപ്പുഴ കടപ്പുറത്ത് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. മീശപിരിക്കാന്‍ വളര്‍ന്നിട്ടില്ലെന്ന് നിവിന്റെ മറുപടി. പിരിക്കാൻ മാത്രം മീശ വളര്‍ന്നിട്ടില്ലന്നാണോ, അതോ മീശ പിരിക്കാനോളം താന്‍ വളര്‍ന്നിട്ടില്ലാന്നാണോ നിവിൻ ഉദ്ദേശിച്ചതെന്ന് ചോദ്യത്തിനുത്തരം കേട്ടപ്പോൾ ജനക്കൂട്ടത്തിനാശങ്ക. എന്തായാലും ജനങ്ങളുടെ ആഗ്രഹത്തെ ചിരിച്ച് നിരസിച്ചു നിവിൻ.

നിവിൻ പോളി നായകനായെത്തുന്ന സിദ്ധാർത്ഥ് ശിവ ചിത്രം സഖാവിന്റെ ഓഡിയോ റിലീസ് ചടങ്ങാണ് രസകരമായ മുഹൂർത്തങ്ങൾക്ക് വേദിയായത്. ആലപ്പുഴ കടപ്പുറത്തായിരുന്നു സിനിമയുടെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ജനങ്ങളിലേക്കിറങ്ങിചെന്ന ഓഡിയോ റിലീസ് നടന്നത്.
തടിച്ചു കൂടിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി എം.എം.ആരീഫ് എം.എല്‍.എയാണ് സഖാവിന്റെ ഓഡിയോ റിലീസ് നിര്‍വഹിച്ചത്.

നിവിന്‍പോളിക്ക് പുറമെ ആലപ്പുഴക്കാരനായ കുഞ്ചാക്കോ ബോബനും കൂടി ചടങ്ങിനെത്തിയപ്പോള്‍ കടപ്പുറം ഇളകി മറിഞ്ഞു. ആലപ്പുഴയിലെ സഖാക്കളെ അണിനിരത്തിയായിരുന്നു ഓഡിയോയുടെ പ്രകാശന ചടങ്ങ്.

യു.പ്രതിഭാ ഹരി എം.എല്‍.എ, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ നേതാക്കളായ പി.പി ചിത്തരജ്ഞന്‍, ആര്‍.നാസര്‍, സഖാവിലെ അഭിനേതാക്കളായ അൽത്താഫ്, സന്തോഷ് കീഴാറ്റൂർ, അപർണ ഗോപിനാഥ്, ഐശ്വര്യ രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഏപ്രില്‍ 15ന് സഖാവ് തിയേറ്ററുകളില്‍ എത്തും. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് നിര്‍മ്മിച്ച് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് സിനിമയുടെ വിതരണം നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ