മലയാളത്തിലെ യുവ താരം നിവിൻ പോളിക്ക് ഇന്ന് പിറന്നാള്‍. മലയാള സിനിമയിലെ തൊടുന്നതെല്ലാം പൊന്നാക്കുന്ന നടനാണ് നിവിന്‍. പല പുതിയ താരങ്ങള്‍ വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് നിവിനെ മലയാളത്തിലെ മികച്ച യുവതാരമാക്കി മാറ്റി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ തുടങ്ങിയ സിനിമാ ജീവിതം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് നിവിനെ സ്വീകരിച്ചത്. 1983 എന്ന ചിത്രത്തിലൂടെ 2014-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി അഭിനയ പ്രതിഭ നിവിന്‍ തെളിയിച്ചു.

നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളായിരിക്കും നിവിനെ കുറച്ചുകൂടി പ്രേക്ഷകരുടെ നടനാക്കിയതെന്നു പറയാം. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Nivin Pauly, Vineeth Sreenivasan

പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന് കരിയർ ബ്രേക്ക് നല്‍കിയതും വിനീത് ശ്രീനിവാസന്‍ തന്നെ. വിനീതിന്റെ തിരക്കില്‍ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രവും നിവിന്‍ പോളിയ്ക്ക് മികച്ച വിജയം നല്‍കി. അതിനിടയില്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ശേഷം വിനീത് തന്നെ ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലും നിവിന്‍ തന്നെയായിരുന്നു നായകന്‍.

ചോക്ലേറ്റ് നായകന്‍ മാത്രമല്ല പരുക്കന്‍ വേഷങ്ങളും വില്ലന്‍ വേഷങ്ങളും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച നടനാണ് നിവിന്‍. 1983 എന്ന ചിത്രത്തിലെ രമേശന്‍ നായക കഥാപാത്രം നിവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരുന്നു.

മലയാള സിനിമയിലെ ‘യുവ കാമുകനാ’യി തിളങ്ങുന്ന സമയത്താണ് ‘ടാ തടിയാ’ എന്ന ചിത്രത്തിലെ പ്രതിനായകസ്ഥാനത്ത് നമ്മള്‍ നിവിനെ കാണുന്നത്. ഒരു നടനെന്ന നിലയില്‍ ആര്‍ജിച്ച പക്വത ഈ സിനിമയിലെ രാഹുല്‍ വൈദ്യര്‍ എന്ന കഥാപാത്രത്തില്‍ കാണാനാവും.

Nivin pauly, Birthday

ശ്യാമപ്രസാദിന്റെ ‘ഇവിടെ’ എന്ന ചിത്രത്തിലെ അമേരിക്കന്‍ ഐടി കമ്പനി സിഇഒ കൃഷ് ഹെബ്ബാര്‍ എന്ന നിവിന്‍ പോളി കഥാപാത്രത്തെയും കണ്ടവരൊന്നും അത്ര പെട്ടന്ന് മറക്കില്ല. കരിയറിന്റെ തുടക്കത്തില്‍ ഏറെ ഭാരമുള്ള ഒരു കഥാപാത്രമായിരുന്നു കൃഷ്. പതിവ് പ്രേമനായക വേഷങ്ങളില്‍ നിന്നുമൊരു മാറ്റമാണ് നിവിന്‍ പോളിയുടെ കൃഷ്. സ്ഥിരം വേഷങ്ങളിലെ അനായാസത നിവിന്‍ പോളിയുടെ കൃഷില്‍ കണ്ടില്ലെങ്കിലും കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുന്ന നടനിലേക്ക് നിവിന്‍ വളരുകയായിരുന്നു.

മലയാള സിനിമയിലും മലയാളികളിലാകെയും തന്നെ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു പ്രേമത്തിലെ ജോർജ്. മുണ്ടും ഷര്‍ട്ടും കട്ടിത്താടിയും കറുത്ത കൂളിങ് ഗ്ലാസും വച്ച ജോർജിനെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ആരാധിച്ചു.

Nivin Pauly, Premam

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു ജനപ്രിയ പൊലീസുകാരന്റെ വേഷത്തിലായിരുന്നു നമ്മള്‍ നിവിനെ കണ്ടത്. 1983നു ശേഷം എബ്രിഡ് ഷൈനും നിവിനുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ