റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങളെല്ലാം. വിവിധ കോളേജുകളിലും സ്ക്കൂളുകളിലും മറ്റും സംഘം ഇതിനായി എത്തുന്നുമുണ്ട്.
ഇടവേളകള്‍ ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തൊടെ പ്രചരണത്തിനിടയില്‍ രുചികരമായ ഭക്ഷണം അന്വേഷിച്ചു പോയ നിവിന്‍, അജു, സാനിയ എന്നിവരുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. കൊല്ലം ‘എഴുത്താണിക്കട’ യില്‍ നിന്ന് പൊറോട്ടയും മട്ടന്‍ കറിയും ആസ്വദിച്ചു കഴിക്കുന്ന നിവിനെയും അജുവിനെയും വീഡിയോയില്‍ കാണാം. സാനിയയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എങ്ങനെയാണ് പൊറൊട്ട കഴിക്കേണ്ടതെന്ന് നിവിന്‍ സാനിയയ്ക്കു രസകരമായി പറഞ്ഞുകൊടുക്കുന്നുമുണ്ട്. ‘നിവിന്‍ കഴിക്കുന്നതു കാണാന്‍ നല്ല രസമുണ്ട്’ എന്ന രീതിയിലുളള ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.
വിനായക അജിത്ത് ആണ് ‘സാറ്റന്ഡെ നൈറ്റ്’ ന്റെ നിര്‍മ്മാതാവ്. നവീന്‍ ബാസ്ക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സിജു വില്സന്, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍, ഗ്രെയ്സ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.