മലയാളസിനിമയിലെ ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് വിനീത് ശ്രീനിവാസനും നിവിൻ പോളിയുമായുള്ള സൗഹൃദം. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് നിവിന്‍ പോളി. വിനീത് സംവിധാനം ചെയ്ത നാലു ചിത്രങ്ങളില്‍ മൂന്നിലും നിവിന്‍ ആയിരുന്നു നായകന്‍.

“വിനീത് എന്നും എനിക്ക് ഗുരുസ്ഥാനത്താണ്. വിനീതാണ് എന്നെ ഇൻഡസ്ട്രിയ്ക്ക് പരിചയപ്പെടുത്തിയത്. ആ ഒരടുപ്പം ഞങ്ങൾക്കിടയിലുണ്ട്. എപ്പോഴും ആ വിശ്വസ്തത ഞാൻ പുലർത്തുകയും ചെയ്യും. വിനീതും ഞാനും സമപ്രായക്കാരാണ്. നല്ലൊരു കംഫർട്ട് സോണും ഞങ്ങൾക്കിടയിലുണ്ട്,” ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ നിവിൻ പറയുന്നു.
Nivin Pauly, Vineeth Sreenivasan
അരങ്ങേറ്റചിത്രം ‘മലർവാടി ആർട്സ് ക്ലബ്ബി’നു ശേഷം നിവിനു വേണ്ടി ‘തട്ടത്തിൻ മറയത്ത്’, ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്നീ ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ചത് വിനീതായിരുന്നു. വിനീത് തിരക്കഥയെഴുതിയ ‘ഒരു വടക്കൻ സെൽഫി’യും ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു.

വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യിലെ നായകനും നിവിൻ തന്നെ. “ഗുരുവിനടുത്തേക്ക് തിരിച്ചുപോകുന്നതുപോലെയാണ് എനിക്കിത്,” ധ്യാനിന്റെ ആദ്യസംവിധാന സംരംഭത്തിൽ അഭിനയിക്കുന്നതിനെ കുറിച്ച് നിവിൻ പറയുന്നു. അജു വര്‍ഗീസാണ് ‘ലവ് ആക്ഷൻ ഡ്രാമ’യുടെ നിർമാതാവ്. നയൻതാര നായികയായെത്തുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ് നിർവ്വഹിക്കുന്നത്.

ദിനേശനായി നിവിൻ, ശോഭയായി നയൻതാര: ‘ലവ് ആക്ഷൻ ഡ്രാമ’ തുടങ്ങി

ശ്രീനിവാസനും പാർവ്വതിയും തകർത്ത് അഭിനയിച്ച 1989 ൽ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിക്കുന്ന ചിത്രമാണ് ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ.

“‘വടക്കുനോക്കിയന്ത്ര’ത്തിലെ ഹിറ്റ് ദമ്പതികളാണല്ലോ ദിനേശൻ- ശോഭ ജോഡികൾ. ആ പേരുകൾ ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് ഈ സിനിമയ്ക്ക് ‘വടക്കുനോക്കിയന്ത്ര’വുമായി മറ്റു ബന്ധങ്ങളൊന്നുമില്ല. ധ്യാനിന് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വടക്കുനോക്കിയന്ത്രം, അതുകൊണ്ടാണ് ആ​ ചിത്രത്തിലെ നായകന്റെയും നായികയുടെയും പേര് ധ്യാൻ എടുത്തിരിക്കുന്നത്. ‘ലവ് ആക്ഷൻ ഡ്രാമ’ യിലെ കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമെല്ലാം വ്യത്യസ്തരാണ്,” തന്റെ പുതിയ സിനിമയെ കുറിച്ച് നിവിൻ പറയുന്നു.

നിവിൻ പോളിക്ക് നായികയായി നയൻതാര; ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’

മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ മുതൽ മുടക്കുളള ചിത്രം ‘കായംകുളം കൊച്ചുണ്ണി’ ഗംഭീരവിജയം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് നിവിൻ. നിവിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 25 കോടി ക്ലബ്ബിൽ കയറിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook