യുവ സംവിധായകന് ഹനീഫ് അദേനിയുടെ പുതിയ ചിത്രമായ ‘മിഖായേലി’ല്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും. ‘മിഖായേലി’ന്റെ ചിത്രീകരണം ഓഗസ്റ്റ് 22ന് ആരംഭിക്കും.
മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേല്‍’. മമ്മൂട്ടി തന്നെ നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും ഹനീഫ് അദേനിയായിരുന്നു. മിഖായേലില്‍ നായകനായി എത്തുന്നത് മമ്മൂട്ടിയാണെന്നായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
ഗാര്ഡിയന് ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ കുടുംബ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.
ശിഖാമണി, ഭാസ്കര്‍ ദ റാസ്കല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജെഡി ചക്രവര്‍ത്തി മലയാളത്തിലേക്കു തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയായിരിക്കും മിഖായേല്‍ എന്നും അറിയുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരായിരിക്കം ചിത്രത്തിലെ മറ്റു താരങ്ങള്‍.
ആന്റോ ജോസഫഫ് നിര്‍മ്മിക്കുന്ന സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. റോഷന് ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.