സിനിമ എന്ന കല സംവിധായകന്റേതാണെന്ന് തെളിയിച്ച മലയാളത്തിലെ അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍. കണ്ടു പരിചയിച്ച നായികാ നായകന്മാരുടെ നമ്മള്‍ കാണാത്ത പ്രതിഭയുടെ തിളക്കം കാണിച്ചു തന്നയാള്‍.

‘ഹേയ് ജൂഡ്’ എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ ഈ സ്റ്റേറ്റ്‌മെന്റിന് അടിവരയിടുകയാണ് ശ്യാമപ്രസാദ്-നിവിന്‍ പോളി, തൃഷ എന്നിവരുടെ കരിയറിന് ‘ഹേയ് ജൂഡ്’ എന്നൊരു പൊന്‍ പതക്കം നല്‍കിക്കൊണ്ട്.

ജൂഡ് എന്ന 28 വയസുകാരന്‍റെ ലോകമാണ് സിനിമയുടെ പശ്ചാത്തലം. സമൂഹത്തിന്‍റെ കണ്ണില്‍ തീര്‍ത്തും അസാധാരണം എന്നു തോന്നുന്ന ജൂഡിന്‍റെ ലോകം. അയാളുടെ വിചിത്രമായ ഇഷ്ടാനിഷ്ടങ്ങള്‍. മാതാപിതാക്കള്‍ക്കും, സഹോദരിക്കും, സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ജൂഡിന്‍റെ ജീവിതവും അയാളുടെ രീതികളും തീര്‍ത്തും അപരിചിതമാണ്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ജൂഡ് തന്‍റെ അച്ഛനമ്മമാര്‍ക്കൊപ്പം ഗോവയിലെത്തുകയാണ്. അവിടെ വച്ച് ജൂഡ് അയല്‍വാസികളായ ഡോക്ടര്‍ സെബാസ്റ്റിയനേയും അദ്ദേഹത്തിന്‍റെ മകള്‍ ക്രിസ്റ്റലിനേയും പരിചയപ്പെടുന്നു. ഇവരുടെ സൗഹൃദത്തിന്‍റെ പശ്ചാത്തലത്തിലാണ് പിന്നീട് കഥ വികസിക്കുന്നത്.

മനുഷ്യ മനസിന്‍റെ വൈകാരികതകളേയും ബന്ധങ്ങളിലെ സങ്കീര്‍ണതകളേയുമെല്ലാം അവതരിപ്പിക്കാന്‍ മലയാളത്തില്‍ ശ്യാമപ്രസാദിനോളം പോന്ന സംവിധായകര്‍ അധികമില്ല. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കണ്ടു പരിചയമില്ലെങ്കിലും നമുക്കറിയാവുന്നവര്‍, ചിലപ്പോളൊക്കെ നമ്മള്‍ തന്നെയാണ് ശ്യാമപ്രസാദിന്‍റെ കഥാപാത്രങ്ങള്‍. ‘ഹേയ് ജൂഡി’ലെ കഥാപാത്രങ്ങളെ മുഴുവനായും ചിലപ്പോള്‍ നമുക്ക് പരിചയമുണ്ടാകില്ല. പക്ഷെ പല ഘട്ടങ്ങളിലും അവരെന്തുകൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന് അത്രയധികം ആശ്ചര്യപ്പെടേണ്ടിവരില്ല.

മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആദ്യമായാകും ഒരു പക്ഷെ ഒരു ശ്യാമപ്രസാദ് സിനിമയ്ക്ക് തിയേറ്ററില്‍ ഇത്രയും ചിരികളുയരുന്നത്. സിനിമയ്‌ക്കൊടുവില്‍ ‘എത്രമാത്രം ഫെയ്ക്കാണ് പലപ്പോഴും നമ്മള്‍?’ എന്ന് സ്വയമൊന്നു ചോദിച്ചേക്കാം. എന്തിനു നേരെയാണ് ചിരിച്ചതെന്നോര്‍ത്ത് ഒരല്പം ആത്മപുച്ഛവും തോന്നിയേക്കാം. അവനവനോടു തന്നെ കള്ളം പറയുന്ന മനുഷ്യര്‍ക്കിടയില്‍ പച്ചയായ ചില ആളുകള്‍, ആ സത്യസന്ധതയുടെ നേര്‍ക്കല്ലേ പൊട്ടിച്ചിരിച്ചത് എന്ന് തോന്നിയേക്കാം.

ആദ്യമായല്ല ശ്യാമപ്രസാദ് നിവിന്‍ പോളിയുമായി സിനിമ ചെയ്യുന്നത്. ‘ഇംഗ്ലീഷ്’, ‘ഇവിടെ’ എന്നീ ശ്യാമപ്രസാദ് സിനിമകളിലും നിവിന്‍ പോളി ഉണ്ടായിരുന്നു. എന്നാല്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ നിവിന്‍ പോളി എന്ന നടനെ ഏറ്റവും ഭംഗിയായി, ‘ഒപ്ടിമല്‍’ ആയി ഉപയോഗിച്ച സിനിമ ‘ഹേയ് ജൂഡ്’ ആയിരിക്കും. ഒരു പക്ഷെ ഇതുവരെയുള്ള നിവിന്‍ പോളി ചിത്രങ്ങള്‍ നോക്കിയാല്‍ അയാളുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ജൂഡ് എന്ന കഥാപാത്രം. നിവിന്‍ പോളി എന്ന നടനെയല്ല, ജൂഡ് എന്ന കഥാപാത്രത്തെ മാത്രമേ സ്‌ക്രീനില്‍ കാണു.

സംസാരശൈലിയിലും, ഇരിപ്പിലും, നടപ്പിലും, ലുക്കിലും ജൂഡ് മാത്രമായിരുന്നു അയാള്‍. ജൂഡ് അധികം ചിരിക്കാറില്ല, കരയാറുമില്ല. പക്ഷെ ജൂഡ് ചിരിക്കുമ്പോളൊക്കെ പ്രേക്ഷകരും കൂടി ചിരിക്കും. ജൂഡ് കരയുമ്പോൾ കണ്ടിരിക്കുന്നവരുടേയും കണ്ണു നിറയും.

തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റം അവരുടെ സിനിമാ ജീവിതത്തിനു മാറ്റ് കൂട്ടുന്ന ഒന്ന് തന്നെയാണ്. ക്രിസ്റ്റല്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം അവര്‍ കാഴ്ച വച്ചു. ഡബ്ബിങില്‍ അല്പം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും, ഗോവയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ ക്രിസ്റ്റലിന് അതൊരു പോരായ്മയായി തോന്നില്ല. പതിവ് അച്ഛന്‍ കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഹേയ് ജൂഡില്‍ സിദ്ദീഖിന്റേത്. അമ്മ വേഷത്തില്‍ നീന കുറുപ്പും, ക്രിസ്റ്റലിന്‍റെ അച്ഛനും സൈക്കോളജിസ്റ്റുമായി എത്തുന്ന വിജയ് മേനോനും തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. രണ്ടു സീനിൽ മാത്രം വന്നു പോകുന്ന അജു വർഗീസാകട്ടെ, അയാള്‍ക്ക്‌ കുറച്ചേറെ സീനുകള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പ്രേക്ഷനെ ആശിപ്പിച്ചു.

ശ്യാമപ്രസാദ് സിനിമകളുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്‍റെ സംഗീതം തന്നെയാണ്. ശ്യാമപ്രസാദിന്‍റെ മറ്റു സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന നാലു സംവിധായകര്‍ ഹേയ് ജൂഡിലൂടെ ഒന്നിച്ചു. ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, എം ജയചന്ദ്രന്‍, രാഹുല്‍ രാജ് എന്നിവരുടെ പാട്ടുകള്‍ മനോഹരമായിരുന്നു.  ശ്യാമപ്രസാദ് ചിത്രങ്ങളുടെ മുഖമുദ്രയായ ഗാനങ്ങള്‍ ‘ഹേയ് ജൂഡി’നും നിറവു പകര്‍ന്നു.

‘ഹേയ് ജൂഡി’ലെ സൗഹൃദവും പ്രണയവും ഗോവയുടെ മനോഹാരിതയും അതിമനോരമായി ക്യാമറയില്‍ പകര്‍ത്തിയ ഗിരീഷ് ഗംഗാധരന്റേതു കൂടിയാണ് ഈ ചിത്രം. ചില രംഗങ്ങള്‍ ഒരല്പം ക്ലീഷേ ആണെങ്കിലും സിനിമയെ അത് ബാധിക്കുന്നില്ല. നിര്‍മല്‍ സഹദേവിന്റേയും ജോര്‍ജ് കണാട്ടിന്റേയും തിരക്കഥയുടെ മികവില്‍ നല്ലൊരു ചിത്രം. കണ്ടിറങ്ങുമ്പോള്‍ മനസിലേക്ക് ആദ്യം വന്ന വാചകം ‘Such a beautiful movie’ എന്നതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ