‘ഇവിടെ’ എന്ന പൃഥ്വിരാജ് – നിവിന്‍ പോളി ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് ജൂഡ്’. നിവിന്‍ ശ്യാമുമായി കൈകോര്‍ക്കുന്നത് ഇത് മൂന്നാം തവണ. ആദ്യ ചിത്രം ‘ഇംഗ്ലീഷ്’ മുതല്‍ തന്നെ നിവിന്‍ എന്ന നടനോടുള്ള തന്‍റെ മതിപ്പും ആരാധനയും ശ്യാമപ്രസാദ് മറച്ചു വച്ചിരുന്നില്ല.

ഹേയ് ജൂഡ് ലൊക്കേഷന്‍ ചിത്രം – കടപ്പാട് ഫേസ് ബുക്ക്

നടീനടന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അഭിനയത്തിനാവശ്യമുള്ള തയാറെടുപ്പുകളും നല്‍കി, കഥാപാത്രങ്ങളെ മിഴവുറ്റതാക്കുന്നതില്‍ ശ്യാമപ്രസാദോളം വിജയിക്കുന്ന സംവിധായകര്‍ മലയാളത്തില്‍ അധികമില്ല. പുതിയ ചിത്രമായ ഹേയ് ജൂഡില്‍ തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാവും നിവിന്‍ പോളി അവതരിപ്പിക്കുക.

ടൈറ്റില്‍ കഥാപാത്രമായ ജൂഡ് ആയി എത്തുന്ന നിവിന്റെ നായിക തൃഷയാണ്. മലയാളത്തിലേക്ക് ആദ്യമായി കാല്‍ വെയ്ക്കുകയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ നായിക. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാവും മലയാളത്തിലെ കന്നിയങ്കത്തില്‍ തൃഷ അവതരിപ്പിക്കുക.

ഹേയ് ജൂഡ് ലൊക്കേഷന്‍ ചിത്രം – കടപ്പാട് ഫേസ് ബുക്ക്

‘മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ ശ്യാമപ്രസാദുമായി സഹകരിക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമാണ് എന്ന് ത്രിഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.’

ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന തന്‍റെ പ്രിയപ്പെട്ട ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ എന്ന് സംവിധായകന്‍ ശ്യാമപ്രസാദ്.

നിവിന്‍ – അജു എന്നിവര്‍ ഹേ ജൂഡ് ലൊക്കേഷനില്‍ – കടപ്പാട് ഫേസ് ബുക്ക്

പേരുകള്‍ കൊണ്ട് തന്നെ വേറിട്ട്‌ നില്‍ക്കുന്നതാണ് ശ്യാമപ്രസാദ് ചിത്രങ്ങള്‍. അകലെ., ഇവിടെ, അരികെ, ഋതു, എലെക്ട്ര, ആര്‍ടിസ്റ്റ്, ഇംഗ്ലീഷ്, കല്ല്‌ കൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ശ്യാമപ്രസാദിന് തന്റെ സിനിമാ പേരുകളില്‍ ഏറ്റവും ഇഷ്ടം ‘ഒരേ കടല്‍’ എന്നത്.  മമ്മൂട്ടിയും മീരാ ജാസ്മിനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘ഒരേ കടല്‍’ ധാരാളം ദേശീയ – അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ