scorecardresearch
Latest News

‘തുറമുഖം’ ജൂൺ മൂന്നിന് എത്തില്ല; റിലീസ് വീണ്ടും മാറ്റി

അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ റിലീസ് വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നതായി അണിയറപ്രവർത്തകർ അറിയിച്ചു

nivin pauly, thuramukham, ie malayalam

വിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. ജൂൺ മൂന്നിന് പ്രഖ്യാപിച്ചിരുന്ന റിലീസ് പത്താം തീയതിയിലേക്ക് മാറ്റി. നേരത്തെ കോവിഡും ലോക്ക്ഡൗണും കാരണം ഒന്നിലധികം തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു.

അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കേണ്ടി വന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.

“കോവിഡും സാമ്പത്തിക കുടുക്കുകളും തീയറ്റർ അടച്ചിടലും ചലച്ചിത്ര വ്യവസായത്തിൽ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകൾ, സഹൃദയരായ ആസ്വാദകരെയും തീയേറ്റർ പ്രവർത്തകരെയും അണിയറയിൽ പ്രവർത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്,” അണിയറപ്രവർത്തകർ വാർത്താകുറിപ്പിൽ പറഞ്ഞു.

മട്ടാഞ്ചേരി മൊയ്ദു എന്ന കഥാപാത്രമാണ് നിവിന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, മണികണ്ഠന്‍, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ എന്നിവരടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വിവരം. പ്രസ്തുത കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു നാടിന്റെ പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് ചിത്രത്തില്‍.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Also Read: Jana Gana Mana OTT: ജനഗണമന ഒടിടിയിലേക്ക്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nivin pauly starrer thuramukham release postponed