നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം റിച്ചി റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 12നാണ് റിച്ചി റിലീസ് ചെയ്യുന്നത്. അതേസമയം ജ്യോതിക നായികയായി എത്തുന്ന മഗളിർ മട്ടും എന്ന ചിത്രവും മെയ് 12ന് തന്നെയാണ് തിയറ്ററുകളിലെത്തുക. ഇരുവരുടെയും ചിത്രം ഒന്നിച്ച് തിയറ്ററുകളിലെത്തുമ്പോൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഗൗതം രാമചന്ദ്രനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റിച്ചി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത ഹിറ്റ് സിനിമ നേരത്തിന്റെ തമിഴ് പതിപ്പിന് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് റിച്ചി. സിനിമയിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റിച്ചി.

നിവിൻ പോളി, നാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇവർ തമ്മിലുളള സൗഹൃദവും ജീവിതവും അതിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു റൗഡിയായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. നാട്ടിയുടേത് ബോട്ട് മെക്കാനിക്കിന്റെ വേഷമാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു പുരോഹിതന്റെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.

ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവർ മറ്റു പ്രധാന താരങ്ങൾ. കന്നടയില്‍ ഹിറ്റായ ‘ഉള്ളിടവരു കണ്ടാന്തെ’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി എന്ന തമിഴ് ചിത്രം. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചി. തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലായിരുന്നു റിച്ചിയുടെ ചിത്രീകരണം നടന്നത്.

തമിഴിലെ താരറാണിയായിരുന്ന ജ്യോതികയുടെ രണ്ടാം വരവിലെ രണ്ടാം ചിത്രമാണ് മഗളിർ മട്ടും. സ്ത്രീകൾ മാത്രം എന്നു പേരിലുളള​ ചിത്രത്തിന്റെ പ്രമേയവും അവതരണവും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിന്ന ജ്യോതികയുടെ രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതനിലെക്കു ശേഷമുളള ചിത്രമാണ് മഗളിർ മട്ടും.

ബ്രഹ്മ സംവിധാനം ചെയ്യുന്ന മഗളിർ മട്ടും എന്ന ചിത്രത്തിൽ ജ്യോതികയാണ് പ്രധാന വേഷത്തിലെത്തുന്നത്. ജ്യോതികയെ കൂടാതെ ഉർവശി, ഭാനുപ്രിയ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോക്യുമെന്ററി ഫിലിം മേക്കറായാണ് ജ്യോതിക ചിത്രത്തിൽ എത്തുന്നത്.

വാഗമണ്ണിലാണ് പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ജ്യോതികയുടെ ഭർത്താവും നടനുമായ സൂര്യയുടെ 2ഡി എന്റർടെയിൻമെന്റാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. മണികണ്‌ഠൻ കാമറയും ജിബ്രാൻ സംഗീത സംവിധാവനും നിർവഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ