/indian-express-malayalam/media/media_files/uploads/2018/08/Prithviraj-Nivin-Pauly-Ranam-Kayamkulam-Kochunni.jpg)
Prithviraj Nivin Pauly Ranam Kayamkulam Kochunni
പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം 'രണം' ട്രെയിലർ പുറത്തിറങ്ങി. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മോഹന്‍ലാലാണ്. ഏറെ നാളുകളായി പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരിക്കുന്ന 'രണ'ത്തിന്റെ ട്രെയിലറിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'രണം' ട്രെയിലർ കണ്ട നടന്‍ നിവിന്‍ പോളിയും പൃഥ്വിരാജിനും ടീമിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഇന്നലെ ട്വിറ്ററിലാണ് താരം പൃഥ്വിരാജിനോട് 'ട്രെയിലര്‍ മൈന്‍ഡ് ബ്ലോയിങ് ആണ്' എന്ന് പറഞ്ഞത്.
"ഈ ട്രെയിലര്‍ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല, മൈന്‍ഡ് ബ്ലോയിങ് ആണിത്. പൃഥ്വിരാജ്, നിങ്ങള്‍ പൊളിച്ചു, റഹ്മാന്‍ സര്‍ താങ്ങളെ സ്ക്രീനില്‍ കാണുന്നത് എന്നും സന്തോഷമാണ്. 'രണ'ത്തിനായി കാത്തിരിക്കുന്നു എന്നാണ് നിവിന്‍ പോളി കുറിച്ചത്.
"നന്ദി കൂട്ടുകാരാ, കൊച്ചുണ്ണിയ്ക്കായി കാത്തിരിക്കുന്നു", എന്ന് പൃഥ്വിരാജ് മറുപടിയും കൊടുത്തു.
Thanks buddy! Looking forward to #Kochunnihttps://t.co/CL1dJPxsxM
— Prithviraj Sukumaran (@PrithviOfficial) August 29, 2018
പൃഥ്വിയും റഹ്മാനും തമ്മിലുളള കോംബോ തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. ചിത്രം സെപ്റ്റംബര്‍ 6ന് പ്രദര്‍ശനത്തിനെത്തും. "ചിത്രീകരണം പൂര്‍ത്തിയായി, സെന്‍സറിങ്ങും കഴിഞ്ഞു. യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സെപ്റ്റംബര്‍ ആദ്യ വാരം ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജിന്റെ 'കൂടെ'യും 'മൈ സ്റ്റോറി'യും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് 'രണ'ത്തിന്റെ റിലീസ് വൈകിയതെന്ന്" സംവിധായകൻ പറയുന്നു. ഇതിന് പിന്നാലെ പ്രളയം ഉണ്ടായതും റിലീസ് വൈകിച്ചു.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന 'രണം', ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിന്‍ കുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. നിവിന്‍ പൊളി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന 'കായംകുളം കൊച്ചുണ്ണി'യില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകള്‍, ട്രെയിലര്‍, ഗാനങ്ങള്‍ എല്ലാം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയാണ്. ഓണത്തിനു റിലീസ് ചെയ്യാനായി തയ്യാറെടുത്തുവെങ്കിലും കേരളം നേരിട്ട കടുത്ത പ്രളയവും അത് കാരണമുണ്ടായ വലിയ പ്രതിസന്ധിയും കാരണം മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം ഒക്ടോബറില്‍ എത്തും എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും 'ഒടിയന്‍' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി അനുസരിച്ച് മാറ്റം വരാനും സാധ്യതയുണ്ട്.
എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്. നിവിന്‍ പോളി ആദ്യമായി ചരിത്രപ്രാധാന്യമുള്ള ഒരു വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും കൊച്ചുണ്ണിക്കുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പി.എം.സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.